ചെർക്കള:(www.evisionnews.co)ഒരു പ്രദേശത്തെ മൊത്തം അവഹേളിക്കുന്ന കാഴ്ചയാണ് ചെര്‍ക്കളയിലെ നാരമ്പാടി-പൂണ്ടൂര്‍ റോഡിലൂടെ ഒന്ന് സഞ്ചരിച്ചാല്‍ നമുക്ക് കാണാൻ കഴിയുക. ഒരു പക്ഷെ ചെങ്കള പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ കുഴി നിറഞ്ഞ റോഡെന്ന ഖ്യാതിയും ഈ റോഡിന് നല്‍കുന്നതില്‍ തെറ്റില്ല.
കഷ്ടിച്ച് ഒരു ബസിന് പോകുവാനുള്ള വീതിമാത്രമേ നാരമ്പാടി-പുണ്ടൂര്‍ റോഡിനുള്ളൂ. ഏറ്റവും അവസാനമായി ടാറിംഗ് നടത്തിയത് 15 വര്‍ഷത്തിനു മുമ്പാണ്. പൊട്ടിപൊളിഞ്ഞ് അങ്ങേയറ്റമായ റോഡിന് ഒരു പാച്ച് വര്‍ക്കും പോലും നടത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
അഞ്ച് മാസം മുമ്പ് കുറച്ച് സ്ഥലം മാത്രം ടാറിങ് നടത്തിയെങ്കിലും ബാക്കി അപ്പാടെ ഉപേക്ഷിച്ച് കരാറുകാരന്‍ സ്ഥലം വിട്ടു. റോഡിന്റെ ശോചനീയാവസ്ഥയോര്‍ത്ത് ഓട്ടോ റിക്ഷക്കാര്‍ ഈ റൂട്ടില്‍ സവാരിക്ക് വരാന്‍ മടിക്കുകയാണ്. ”അതിനവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല ഈ കുണ്ടും കുഴിയും താണ്ടി ഇവിടം വരെ വന്നാല്‍ ആ കാശ് ഗ്യാരേജില്‍ കൊടുക്കാനേ ഓട്ടോക്കാര്‍ക്ക് ഉതകൂ” പ്രദേശവാസിയായ ബഷീര്‍ മുഹമ്മദ് പുണ്ടൂര്‍ പറയുന്നു.
വിദ്യാര്‍ത്ഥികളും ജോലിക്കാരും വൃദ്ധന്‍മാരുമടക്കം നിരവധിപേര്‍ താമസിക്കുന്ന ഈ പ്രദേശത്തുകാരുടെ ഏറ്റവും വലിയ ആവശ്യമാണ് ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നത്. ഇവിടുത്തെ ജനപ്രതിനിധികള്‍ അതിന് തയ്യാറാകുക എന്നതാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment
0 Comments