തൃക്കരിപ്പൂര്‍ (www.evisionnews.in): അടുത്ത മാസം അഞ്ചിന് കവ്വായിക്കായലില്‍ നടക്കുന്ന മലബാര്‍ ജലോത്സവത്തിന്റെ ഒരുക്കങ്ങള്‍ തകൃതി. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പുതുമനിറച്ചു ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് 500ല്‍പരം കിലോമീറ്റര്‍ ദൂരം സൈക്കിളില്‍ സഞ്ചരിക്കും. സംസ്ഥാന തലസ്ഥാനത്ത് നിന്നും ജലോത്സവ നഗരിയിലേക്ക് അഞ്ചുദിവസം നീളുന്ന സൈക്കിള്‍ റൈഡും ഒരുക്കിയിട്ടുണ്ട്. മെട്ടമ്മല്‍ ബ്രദേഴ്സിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള എം.ബി.എം റൈഡേഴ്സിലെ ഏഴ് അംഗങ്ങള്‍ പങ്കെടുക്കുന്ന റൈഡിംഗ് 22ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയില്‍ തൃക്കരിപ്പൂര്‍ എം.എല്‍.എ എം. രാജഗോപാലന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.
കാസര്‍കോട് ജില്ലയിലെ മുഴുവന്‍ എംഎല്‍എ മാരും ചടങ്ങില്‍ അതിഥികളാകും. കൊല്ലം ഓച്ചിറയില്‍ ആദ്യപര്യടന കേന്ദ്രത്തിലും മറ്റു ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലും സഞ്ചരിച്ചു 26ന് വൈകിട്ട് പയ്യന്നൂര്‍ പെരുമ്പ പാലത്തിനടുത്ത് സംഘാടക സമിതി ഭാരവാഹികളുടെ നേതൃത്വത്തില്‍ റൈഡര്‍മാരെ സ്വീകരിക്കും. തുടര്‍ന്ന് ഇളമ്പച്ചിയിലൂടെ തൃക്കരിപ്പൂര്‍ ടൗണ്‍ ചുറ്റി വെള്ളാപ്പ് കാവില്യാട്ട് വഴി ജലോത്സവ നഗരിയില്‍ പ്രചാരണ പരിപാടി സമാപിക്കും.
തിരുവനന്തപുരത്തു നിന്നും തൃക്കരിപ്പൂരിലേക്ക് നടത്തുന്ന സൈക്കിള്‍ റൈഡിംഗില്‍ പങ്കെടുക്കുന്ന ടീം അംഗങ്ങളുടെ ജേഴ്സി പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ നിര്‍വഹിച്ചു. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ വി.വി ഹാരിസ് അധ്യക്ഷത വഹിച്ചു. എം.കെ കുഞ്ഞികൃഷ്ണന്‍, ജുനൈദ് മെട്ടമ്മല്‍, സി. വിജയന്‍, കെ. ഗംഗാധരന്‍, കെ. നൗഫല്‍ പ്രസംഗിച്ചു.

Post a Comment
0 Comments