Type Here to Get Search Results !

Bottom Ad

ലാവ് ലിന്‍ കേസ്: പിണറായി വിജയനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി


കൊച്ചി : (www.evisionnews.co)  കേരളം ആകാംഷയോടെ കാത്തിരുന്ന കോടതി വിധി പുറത്തുവന്നു. ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സി ബി ഐ കോടതി വിധി ഹൈക്കോടതി ശരിവച്ചു. പിണറായി ലാവ്ലിന്‍ ഇടപാടില്‍നിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ല. സിബിഐ പിണറായി വിജയനെ കുടുക്കാന്‍ ശ്രമിച്ചു. പിണറായി വിജയനെതിരെ തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി.ഉബൈദാണ് വിധി പ്രസ്താവിച്ചത്. വിധി മുഴുവന്‍ വായിച്ചതിനുശേഷമേ വാര്‍ത്ത നല്‍കാവൂയെന്ന് മാധ്യമങ്ങള്‍ക്ക് ജഡ്ജി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. വിധി പറയാന്‍ മാറ്റിയശേഷം ഊമക്കത്തുകള്‍ കിട്ടിയെന്നു പറഞ്ഞ ജഡ്ജി, 202 പേജുള്ള വിധിന്യായം മുഴുവന്‍ വായിച്ചു കേള്‍പ്പിക്കുമെന്നും വ്യക്തമാക്കി. പെട്ടെന്ന് വിധി പറയാന്‍ തീരുമാനിച്ചത് ചര്‍ച്ചകള്‍ ഒഴിവാക്കുന്നതിനാണ്. പലര്‍ക്കും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അതു ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.

പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി ഉത്തരവിനെതിരെ സിബിഐയാണ് റിവിഷന്‍ ഹര്‍ജി നല്‍കിയത്. സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ അപൂര്‍ണമാണെന്നു വ്യക്തമാക്കിയാണ് പിണറായി വിജയനടക്കം ഏഴു പേരെ സിബിഐ പ്രത്യേക കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. തുടര്‍ന്ന് റിവിഷന്‍ ഹര്‍ജിയുമായി സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനായി ഹൈക്കോടതിയില്‍ ഹാജരായത്. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു കാരണം. ഈ കരാര്‍ ലാവ്ലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യുഡിഎഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാര്‍ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ.നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad