പയ്യന്നൂര്‍: (www.evisionnews.co) കരിവെള്ളൂരിലെ സോഷ്യല്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ കോ.ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നടന്ന മൂന്നു കോടി രൂപയുടെ മുക്കുപണ്ട പണയ തട്ടിപ്പ് കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കേസിലെ മുഖ്യപ്രതിയും സ്ഥാപനത്തിലെ സെക്രട്ടറിയുമായ പ്രദീപനില്‍ നിന്നു ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
സ്ഥല ഇടപാടുമായി ബന്ധപ്പെട്ട് പ്രദീപന്‍ 15ലക്ഷം രൂപയുടെ ബാധ്യതയില്‍ അകപ്പെട്ടിരുന്നു. ബന്ധുക്കളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്തിയെങ്കിലും ബാധ്യതയില്‍ നിന്നു പ്രദീപനു രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നു അന്വേഷണ സംഘം സൂചിപ്പിച്ചു. കടക്കെണിയില്‍ നിന്നു രക്ഷപ്പെടാന്‍ സുഹൃത്തും കൂട്ടുപ്രതിയുമായ ലൈറ്റ് ആന്റ് സൗണ്ട് ഉടമ പ്രശാന്തിന്റെ ഉപദേശപ്രകാരം 916 മുദ്ര പതിച്ച മുക്കുപണ്ടം പണയപ്പെടുത്തി പണമെടുക്കാന്‍ ഉപദേശിച്ചു. ഒരുതവണ മുക്കുപണ്ടം പണയം വെയ്ക്കുകയും ചെയ്തു. അതിനുശേഷമാണ് മുഴുവന്‍ പണവും കൈക്കലാക്കാനുള്ള പദ്ധതി ഒരുക്കിയതെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം.
ഇതിനിടയില്‍ പയ്യന്നൂരിലെ ഒരു പുത്തന്‍ തലമുറ ബാങ്കില്‍ നിന്നു 1.10 കോടി രൂപ നിലമ്പൂരിലെ ഒരു സ്ഥാപനത്തിലേയ്ക്ക് അയച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വ്യക്തിയുടെ പേരില്‍ ഇത്രയും തുക അയക്കാന്‍ നിയമ തടസ്സം ഉള്ളതിനാല്‍ ആണ് ഒരു സ്ഥാപനത്തിലേയ്ക്ക് പണം അയച്ചത്. ചാണ്ടിയെന്നുപേരുള്ള ആളുടേതാണ് സ്ഥാപനം. എന്നാല്‍ ഇത്തരത്തില്‍ ഒരു സ്ഥാപനം നിലവിലുണ്ടോയെന്നു വ്യക്തമല്ല.
ശ്രീകണ്ഠാപുരത്തെ ഒരാള്‍ക്കും മുക്കുപണ്ട തട്ടിപ്പിലൂടെ ലഭിച്ച പണത്തില്‍ നിന്നു ഒരു ഭാഗം ലഭിച്ചതായും സംശയിക്കുന്നു.

Post a Comment
0 Comments