Type Here to Get Search Results !

Bottom Ad

മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി; നിയമനിര്‍മാണം നടത്തണം


ന്യൂഡല്‍ഹി : (www.evisionnews.co) മുസ്ലിം സ്ത്രീകളുടെ മൗലികാവകാശവും അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് എന്ന വിഷയത്തില്‍ നിലപാടു വ്യക്തമാക്കി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. മുത്തലാഖ് അസാധുവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നു ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാരായ റോഹിന്റണ്‍ ഫാലി നരിമാന്‍, കുര്യന്‍ ജോസഫ്, യു.യു. ലളിത് എന്നിവര്‍ വിധിയെഴുതിയപ്പോള്‍ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍, ജസ്റ്റിസ് എസ്. അബ്ദുല്‍ നസീര്‍ എന്നിവര്‍ എതിര്‍ത്തു.
വിവിധ മുസ്ലിം രാജ്യങ്ങളില്‍ മുത്തലാഖ് നിയമവിരുദ്ധമാണ്. പിന്നെന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് അതില്‍നിന്നു മാറാനാകാത്തത്? സുപ്രീം കോടതി ചോദിച്ചു. ആയിരം പേജോളം വരുന്നതായിരുന്നു സുപ്രീം കോടതിയുടെ വിധി ന്യായം.

മുത്തലാഖ് നിരോധിക്കാന്‍ ആവശ്യമെങ്കില്‍ ആറുമാസത്തിനകം നിയമനിര്‍മാണം നടത്തണമെന്നു ജഡ്ജിമാരായ ജെ.എസ്. കേഹാറും ജസ്റ്റിസ് എസ്. അബ്ദുല്‍ നസീറും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭരണഘടനയുടെ 14, 15, 21, 25 അനുച്ഛേദങ്ങള്‍ മുത്തലാഖ് ലംഘിക്കുന്നില്ല. മുത്തലാഖ് ആയിരം വര്‍ഷത്തിലധികമായി സുന്നി വിഭാഗത്തിന്റെ ഭാഗമാണെന്നും മുസ്ലിം വ്യക്തിനിയമത്തിന്റെ പരിധിയില്‍പ്പെടുന്നതാണെന്നും ഇരുവരും വിലയിരുത്തി. 

പുതിയ നിയമം നിലവില്‍ വരുന്നതുവരെ ആറുമാസത്തേക്കു മുത്തലാഖിനു വിലക്കും ഏര്‍പ്പെടുത്തി. ആറുമാസത്തിനുള്ളില്‍ നിയമനിര്‍മാണം നടത്തിയില്ലെങ്കില്‍ ഈ വിലക്കു തുടരും. മുസ്ലിം വ്യക്തിനിയമം മനസ്സിലാക്കി വേണം നിയമനിര്‍മാണം നടത്തേണ്ടതെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യത്യാസങ്ങള്‍ മാറ്റിവച്ച് നിയമനിര്‍മാണത്തിനു കേന്ദ്രത്തിനു പിന്തുണ നല്‍കണമെന്നും ഇരുവരും വിധിന്യായത്തില്‍ ആവശ്യപ്പെട്ടു.

ഖുറാന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണ് മുത്തലാഖ് എന്ന് ജസ്റ്റിസുമാരായ റോഹിന്റണ്‍ ഫാലി നരിമാന്‍, കുര്യന്‍ ജോസഫ്, യു.യു. ലളിത് എന്നിവര്‍ വ്യക്തമാക്കി. ഖുറാന് എതിരായതായതിനാല്‍ മുത്തലാഖ് അംഗീകരിക്കാനാകില്ല. പ്രത്യക്ഷമായി വസ്തുനിഷ്ഠമല്ലാത്തതും ഭരണഘടനാ വിരുദ്ധവുമായതിനാല്‍ മുത്തലാഖ് നിരോധിക്കണമെന്നും മൂവരും ആവശ്യപ്പെട്ടു.

മുത്തലാഖിലൂടെ വിവാഹമോചിതരായ ഉത്തര്‍പ്രദേശിലെ സൈറ ബാനു ഉള്‍പ്പെടെ മുസ്ലിം സമുദായാംഗങ്ങളായ സ്ത്രീകളാണു മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad