കൊല്ലം: (www.evisionnews.co) രാത്രി വീട്ടിലേക്ക് മടങ്ങാന്‍ ബസ് കിട്ടാത്തതില്‍ അരിശം കയറിയ യുവാവ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കിടന്ന ഫാസ്റ്റ് പാസഞ്ചര്‍ ഒടിച്ചു കൊണ്ട് പോയി. കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന ബസാണ് ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് യുവാവ് ഓടിച്ചുകൊണ്ടു പോകാന്‍ ശ്രമിച്ചത്. ബസ് പോസ്റ്റിലിടിച്ചതോടെ യുവാവ് പൊലീസിന്റെ പിടിയിലായി.
മദ്യപിച്ചെത്തിയ അലോഷി എന്ന യുവാവാണ് ഈ സാഹസം കാണിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. സുഹൃത്തിനെ കാണാനായി കൊല്ലത്തെത്തിയ ആറ്റിങ്ങല്‍ സ്വദേശിയായ അലോഷി (25) മദ്യപിച്ച ശേഷം രാത്രി എട്ട് മണിയോടെ കൊല്ലം ഡിപ്പോയിലെത്തി. രണ്ട് ബസ് വന്നെങ്കിലും തിരക്ക് കാരണം അലോഷിക്ക് കയറാനായില്ല. ഇതോടെ നിര്‍ത്തിയിട്ടിരുന്ന സുപ്പര്‍ ഫാസ്റ്റിലായി കണ്ണ്. ജീവനക്കാര്‍ ശ്രദ്ധിക്കുന്നില്ലെന്നായതോടെ ബസുമായി കടന്നു കളഞ്ഞു. ലിങ്ക് റോഡ് ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ബസാണ് യുവാവ് ഓടിച്ചുകൊണ്ടുപോയത്.
ഒരു കിലോമീറ്റര്‍ അപ്പുറം ബസ് പോസ്റ്റിലിടിച്ചതോടെയാണ് അലോഷി പൊലീസിന്റെ വലയിലായത്. വീട്ടില്‍ പോകാന്‍ തനിക്ക് മറ്റൊരു ബസ് നല്‍കണമെന്നും ഇത് രാവിലെ തിരിച്ചെത്തിക്കാമെന്നുമായിരുന്നു ഈ സമയം പൊലീസിനോടുള്ള അലോഷിയുടെ അപേക്ഷ. ഇത് നിരസിച്ച ഉദ്യോഗസ്ഥര്‍ അലോഷിക്കെതിരെ കേസെടുക്കുകയും ചെയ്തു.
ചിന്നക്കടയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് അപകടം സൃഷ്ടിച്ച വാഹനം പരിശോധിച്ചപ്പോള്‍ ആരെയും കണ്ടെത്തിയില്ല. തുടര്‍ന്ന് കെഎസ്ആര്‍ടിസി അധികൃതരെ വിവരം അറിയിച്ചു. ഇതിനിടയില്‍ ഒരാള്‍ ബസിനകത്ത് കയറാന്‍ ശ്രമിക്കുന്നത് കണ്ട പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സത്യാവസ്ഥ മനസിലായത്. ഇറങ്ങി ഓടുന്നതിനിടെ സീറ്റിനടിയില്‍പെട്ട തന്റെ ഷൂസ് എടുക്കാന്‍ വന്നതായിരുന്നു അലോഷി.
സ്റ്റാന്റിലും പരിസരത്തിലും ആളുകള്‍ ഇല്ലാഞ്ഞതിനാല്‍ ആരും ബസിനെ തട്ടിക്കൊണ്ടുപോയത് അറിഞ്ഞില്ല. മെക്കാനിക്കല്‍ വിഭാഗത്തിന് പരിശോധിക്കുന്നതിനായി ചാവി വണ്ടിയില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. ഇതാണ് അലോഷിക്ക് തുണയായത്. കെഎസ്ആര്‍ടിസി അധികൃതരുടെ പരാതിയില്‍ അലോഷിക്കെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.

Post a Comment
0 Comments