കാസര്‍കോട്: (www.evisionnews.co)വിഘ്‌നേശ്വര സ്‌തുതിയോടെ നാടെങ്ങും ഗണേശോത്സവത്തിനു ഭക്തി നിര്‍ഭരമായ തുടക്കം.
ഇന്നു രാവിലെ ഗണേശ വിഗ്രഹ ഘോഷയാത്രയോടെയാണ് ഉത്സവത്തിനു തുടക്കം കുറിച്ചത്. തുടര്‍ന്ന് വൈദിക- ആധ്യാത്മിക കര്‍മ്മങ്ങള്‍ ആരംഭിച്ചു. വിഘ്‌നങ്ങള്‍ തീര്‍ത്ത് സമാധാനവും സംതൃപ്‌തിയും നല്‍കാന്‍ രാവിലെ ഗണേശ ക്ഷേത്രങ്ങളിലും മന്ദിരങ്ങളിലുമെത്തിയ ഭക്തജനങ്ങള്‍ പ്രാര്‍ത്ഥിച്ചു ഗണേശ സ്‌തുതികള്‍ ക്ഷേത്രാങ്കണങ്ങളെ ഭക്തി സാന്ദ്രമാക്കി.
ഗണേശോത്സവത്തോടനുബന്ധിച്ച് കലാപരിപാടികളും അന്നദാനവും ക്ഷേത്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കാസര്‍കോടു മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍ ഘോഷയാത്രയായി ഗണേശ വിഗ്രഹം രാവിലെ എത്തിച്ചു. ഉച്ചയോടെ ഉത്സവത്തിനു പതാക ഉയര്‍ന്നു. 29നു ഗണേശ വിഗ്രഹ നിമഞ്‌ജനത്തോടെ ഉത്സവം സമാപിക്കും. മധൂര്‍, ബെള്ളൂര്‍, ഇടനീര്‍, വൊര്‍ക്കാടി, ഹൊസങ്കടി, ഉപ്പള, ബായാര്‍, മുളിഗദ്ദെ, ദൈഗോളി, മംഗല്‍പ്പാടി, പ്രതാപ് നഗര്‍, പൈവളികെ, സീതാംഗോളി, അട്‌ക്കസ്ഥല, അഡ്യനടുക്ക, ബാഡൂര്‍, സുങ്കതക്കട്ട, പുത്തിഗെ, മുള്ളേരിയ, ബദിയഡുക്ക, പള്ളിപ്പുറം, തൃക്കണ്ണാട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചിത്താരി ചേറ്റുകുണ്ട് തുടങ്ങി വിവിധ ക്ഷേത്രങ്ങള്‍ ഗണേശോത്സവ ആഹ്ലാദത്തില്‍ മുഴുകിയിരിക്കുകയാണ്.
നീലേശ്വരം തളിയില്‍ ക്ഷേത്ര പരിസരത്തെ ജനത കലാസമിതി ഹാളില്‍ പുലര്‍ച്ചെ വിഗ്രഹ പ്രതിഷ്‌ഠ നടന്നു. മഹാഗണപതി ഹോമം, പായസ വിതരണം, ഭജന, അന്നദാനം, ആധ്യാത്മിക പ്രഭാഷണം, മംഗളാരതി എന്നിവയുമുണ്ടാവും. 6 മണിക്ക് നീലേശ്വരം പുഴയില്‍ വിഗ്രഹ നിമഞ്‌ജനത്തോടെ ആഷോഘം സമാപിക്കും.
ബദിയഡുക്ക ഗണേശ മന്ദിരം 46-ാമതു ശ്രീ ഗണേശോത്സവത്തിനു ഭക്തി നിര്‍ഭരമായ തുടക്കം. ഇന്നു രാവിലെ വിഗ്രഹ പ്രതിഷ്‌ഠക്കു ശേഷം വിവിധ ഭജന സംഘങ്ങളുടെ ഭജന ആരംഭിച്ചു. ആധ്യാത്മിക സദസ്സ്, മഹാപൂജ, അന്നദാനം എന്നിവയുമുണ്ടായിരുന്നു. 2.30ന് നൃത്ത പരിപാടിയും വൈകിട്ട് ദീപാരാധന, യക്ഷഗാനം എന്നിവയും നടക്കും. നാളെ രാവിലെ ഉഷപൂജ, ഭജന, മഹാപൂജ, അന്നദാനം, ശോഭയാത്ര, വിഗ്രഹം നിമഞ്‌ജനം എന്നിവയോടെ ഉത്സവം സമാപിക്കും.

Post a Comment
0 Comments