ചണ്ഡിഗഡ് : (www.evisionnews.co) മാനഭംഗക്കേസില്‍ ദേര സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന് പ്രത്യേക സിബിഐ കോടതി 20 വര്‍ഷം കഠിന തടവ് വിധിച്ചു. രണ്ട് കേസുകളിലായി 10 വര്‍ഷം വീതമാണു തടവുശിക്ഷ വിധിച്ചത്. കോടതിവിധിയുടെ പകര്‍പ്പ് പുറത്തുവന്നപ്പോഴാണ് ശിക്ഷയുടെ കാര്യത്തില്‍ വ്യക്തത വന്നത്. നേരത്തേ 10 വര്‍ഷം തടവും മൂന്നു വ്യത്യസ്ത കേസുകളിലായി 65,000 രൂപ പിഴയും വിധിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. പിഴശിക്ഷയിലും മാറ്റമുണ്ട്. 30 ലക്ഷം രൂപയാണ് രണ്ടു കേസുകളിലായി റാം റഹിം പിഴ ഒടുക്കേണ്ടത്.
സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഹരിയാനയിലെ റോത്തക് സുനരിയ ജയിലില്‍ പ്രത്യേകം തയാറാക്കിയ കോടതി മുറിയില്‍വച്ചായിരുന്നു പ്രത്യേക സിബിഐ ജഡ്ജി ജഗ്ദീപ് സിങ് ശിക്ഷ പ്രസ്താവിച്ചത്. വിധി പറയാനായി ജഡ്ജിയെ ഹെലികോപ്റ്ററിലാണു ജയിലിലെ കോടതിയിലെത്തിച്ചത്. വിധി കേട്ടശേഷം നിലവിളിയോടെയാണു വിവാദ ആള്‍ദൈവം കോടതിക്കു വെളിയിലെത്തിയത്. ജയിലിനുള്ളില്‍ പ്രത്യേകം തയാറാക്കിയ കോടതിമുറിയില്‍നിന്നും വീണ്ടും ജയിലിലേക്കു മാറ്റാനുള്ള പൊലീസിന്റെ ശ്രമം ഇയാള്‍ തടയാന്‍ ശ്രമിച്ചു. ഇതോടെ, ബലം പ്രയോഗിക്കേണ്ടിവരുമെന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കി. തുടര്‍ന്നു നിലത്തിരുന്ന ഗുര്‍മീതിനെ ഉദ്യോഗസ്ഥര്‍ വലിച്ചഴച്ചാണു ജയിലിലേക്കു നീക്കിയത്.

Post a Comment
0 Comments