Type Here to Get Search Results !

Bottom Ad

ഗള്‍ഫ് വിമാന നിരക്കു കുറയ്ക്കാന്‍ നടപടിയെടുക്കാം: കേന്ദ്രത്തിന്റെ ഉറപ്പ്


ന്യൂഡല്‍ഹി: (www.evisionnews.in) ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉത്സവ സീസണില്‍ വിമാന നിരക്ക് കുത്തനെ വര്‍ധിപ്പിക്കുന്ന പ്രവണത തിരുത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യത്തിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അനുകൂല പ്രതികരണം. പുതുതായി തുടങ്ങുന്ന കണ്ണൂര്‍ ഉള്‍പ്പെടെ കേരളത്തിലെ നാലു വിമാനത്താവളങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍, കേരളത്തിലെ നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് കൂടതല്‍ ആഭ്യന്തര സര്‍വീസുകള്‍ എന്നീ ആവശ്യങ്ങള്‍ സംബന്ധിച്ച് വിളിച്ചു ചേര്‍ത്ത എയര്‍ലൈന്‍ കമ്പനികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഈ ആവശ്യം ശക്തിയായി ഉന്നയിച്ചത്. 
അമിതമായ നിരക്ക് വര്‍ധന ഒഴിവാക്കുന്നതിന് ഓണം പോലെ തിരക്കുള്ള സീസണില്‍ വിദേശ വിമാനകമ്പനികള്‍ക്ക് നിശ്ചിത ദിവസത്തേക്ക് കൂടതല്‍ സീറ്റ് അനുവദിക്കാന്‍ മന്ത്രാലയം തയാറാണെന്ന് യോഗത്തില്‍ പങ്കെടുത്ത സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍.എന്‍.ചൗബേ പറഞ്ഞു. ഉഭയകക്ഷി കരാര്‍ പ്രകാരമാണ് വിദേശ വിമാന കമ്പനികള്‍ക്ക് മന്ത്രാലയം സീറ്റ് അനുവദിക്കുന്നത്. മുന്‍കൂട്ടി സീറ്റ് വര്‍ധന തീരുമാനിക്കാന്‍ കഴിഞ്ഞാല്‍ നിരക്ക് കുത്തനെ ഉയര്‍ത്തുന്നത് ഒഴിവാക്കാന്‍ കഴിയുമെന്ന് യോഗത്തില്‍ പങ്കെടുത്ത എയര്‍ലൈന്‍ കമ്പനികള്‍ അറിയിച്ചു. ഇതു സംബന്ധിച്ച് കൂടുതല്‍ ആലോചന നടത്തി തീരുമാനമെടുക്കുമെന്ന് ചൗബേ അറിയിച്ചു. 
ഉത്സവ സീസണില്‍ യാത്രക്കാരുടെ തിരക്ക് കൂടുമ്പോള്‍ നിരക്ക് വര്‍ധിക്കുന്ന പ്രവണത ഒഴിവാക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് ഒരുവിധ ന്യായീകരണവുമില്ല. പ്രവാസി മലയാളികളുടെ മുഖ്യ പരാതിയാണ് നിരക്കിലെ യുക്തിരഹിതമായ വര്‍ധന. യൂറോപ്പിലേക്കുള്ള നിരക്കിലും കൂടുതലാണ് ചില സീസണില്‍ ഗള്‍ഫിലേക്ക് ഈടാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ജോ. സെക്രട്ടറി ഉഷാ പാഠി, ഡയരക്ടര്‍മാരായ ഡോ. ഷെഫാലി ജുനേജ, റുബീന അലി എന്നിവരും 20 എയര്‍ലൈന്‍ കമ്പനികളുടെ മേധാവികളും പങ്കെടുത്തു. വ്യോമയാന മേഖലയുടെ വികസനത്തിന് ഒരു സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തില്‍ ഉന്നതതല യോഗം വിളിക്കുന്നത് ആദ്യമാണെന്ന് സെക്രട്ടറി ചൗബേ പറഞ്ഞു. 

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ശ്രീലങ്കന്‍ എയര്‍വേയ്‌സ്, ഇത്തിഹാദ്, കുവൈത്ത് എയര്‍, ഖത്തര്‍ എയര്‍വേയ്‌സ്, അലയന്‍സ് എയര്‍, എയര്‍ ആസ്ട്ര, സൗദി എയര്‍ലൈന്‍, എയര്‍ അറേബ്യ, ഫ്‌ളൈ ദുബായ്, സ്‌പൈസ് ജെറ്റ്, വിസ്താര, എയര്‍ ഏഷ്യ, ജെറ്റ് എയര്‍വേയ്‌സ്, ഇന്‍ഡിഗോ, ഗോ എയര്‍ തുടങ്ങി 20 എയര്‍ലൈന്‍ കമ്പനികളുടെ പ്രധാന ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്. കണ്ണൂര്‍ എയര്‍പോര്‍ട് ആരംഭിക്കുന്ന ദിവസം തന്നെ സര്‍വീസ് ആരംഭിക്കാന്‍ മിക്കവരും സമ്മതം അറിയിച്ചു. എന്നാല്‍, വിദേശ വിമാന കമ്പനികള്‍ക്ക് ഉഭയകക്ഷി ധാരണ പ്രകാരമുള്ള സീറ്റ് വര്‍ധിപ്പിച്ചു കിട്ടണം. അക്കാര്യത്തില്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി അനുകൂലമായാണ് പ്രതികരിച്ചത്.  വിമാനയാത്ര ചെയ്യുന്ന ജനങ്ങളുടെ തോത് കേരളത്തില്‍ വളരെ കൂടുതലാണെന്നത് കണക്കിലെടുത്ത് സംസ്ഥാനത്തിന് മികച്ച എയര്‍ കണക്ടിവിറ്റി നല്‍കാന്‍ ഇന്ത്യാ ഗവര്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് സെക്രട്ടറി ചൗബേ പറഞ്ഞു. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad