ന്യൂഡല്‍ഹി : (www.evisionnews.in) ദക്ഷിണേന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപവുമായി ബിജെപി നേതാവ് തരുണ്‍ വിജയ്. ദക്ഷിണേന്ത്യക്കാരായ കറുത്തനിറക്കാര്‍ ചുറ്റുപാടും ജീവിക്കുന്നുണ്ടെന്നും അവര്‍ക്കൊപ്പം ജീവിക്കുന്ന തങ്ങള്‍ ആഫ്രിക്കക്കാരെ ആക്രമിക്കില്ലെന്നുമായിരുന്നു തരുണ്‍ വിജയ് യുടെ പ്രതികരണം. നൈജീരിയക്കാര്‍ക്കെതിരായ ആക്രമണത്തെക്കുറിച്ച് ഒരു രാജ്യാന്തര ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയിലായിരുന്നു വിവാദ പരാമര്‍ശം. 'കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ ഇന്ത്യയില്‍ അമര്‍ഷമുണ്ടെന്നും അവരെ ആക്രമിക്കുമെന്നും പറയുന്നതു ശരിയല്ല. കാരണം കേരളം, കര്‍ണ്ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ കറുത്തവരുണ്ട്. അവരോടെപ്പമാണു ഞങ്ങള്‍ ജീവിക്കുന്നത്. ഇന്ത്യയില്‍ വിവിധ സമൂഹങ്ങളില്‍പ്പെട്ടവര്‍ പരസ്പരം ആക്രമിക്കാറുണ്ട്. കുറേനാള്‍ മുമ്പു ബിഹാറികളെ മഹാരാഷ്ട്രയില്‍ ആക്രമിച്ചിരുന്നു. മറാഠികളെ ബിഹാറിലും ആക്രമിച്ചു. എന്നാല്‍ ഇവ വംശീയമായ ആക്രമണമാണ് എന്നു പറയാനാവില്ല'- എന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു മാധ്യമ പ്രതിനിധി ചോദിച്ച ചോദ്യത്തിനു തരുണ്‍ വിജയ് മറുപടി പറഞ്ഞത്. സംഭവം വിവാദമായതിനെ തുടര്‍ന്നു തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന വാദവുമായി തരുണ്‍ വിജയ് രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് നൈജീരിയക്കാര്‍ക്കെതിരെ ഒരു സംഘമാളുകള്‍ ആക്രമണം നടത്തിയത്. ഇവിടെ ഒരു പതിനേഴുവയസ്സുകാരന്‍ അമിതമായി മയക്കുമരുന്നു കഴിച്ചു മരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. നൈജീരിയക്കാരായ അഞ്ച് യുവാക്കളാണു മയക്കുമരുന്നു നല്‍കിയതെന്ന് ആരോപിച്ചാണു പ്രദേശവാസികള്‍ നൈജീരിയന്‍ വിദ്യാര്‍ഥികളെ ആക്രമിച്ചത്. എന്നാല്‍ മയക്കുമരുന്നു നല്‍കിയതു നൈജീരിയന്‍ വിദ്യാര്‍ഥികളാണെന്നതിനു പൊലീസിനു തെളിവൊന്നും ലഭിച്ചിട്ടില്ല.

Post a Comment
0 Comments