മലപ്പുറം (www.evisionnews.in) : ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ പരിഹസിച്ച് മന്ത്രി എം.എം.മണി. പ്രതികളെ പിടിച്ചശേഷം മാത്രം വീട്ടിലേക്കു വന്നാല്‍ മതിയെന്നാണു മഹിജ പറഞ്ഞത്. ഈ സ്ഥിതിയില്‍ മുഖ്യമന്ത്രി കാണാന്‍ ചെല്ലുമ്പോള്‍ അവര്‍ കതകടച്ചിട്ടാല്‍ അതു വേറെ പണിയാകുമായിരുന്നു. കതക് അടച്ചിട്ടിട്ട് കാണേണ്ടെന്നു പറഞ്ഞാല്‍ അത് അപമാനമാകും. യുഡിഎഫിന്റെയും ബിജെപിയുടെയും കയ്യിലാണു മഹിജയെന്നും എം.എം.മണി പറഞ്ഞു. മലപ്പുറം മുസ്‌ലിയാരങ്ങാടിയിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ സമരം ചെയ്യാനെത്തിയ മഹിജയ്‌ക്കെതിരെ മന്ത്രി മണി മുന്‍പും രംഗത്തുവന്നിരുന്നു. പൊലീസ് ആസ്ഥാനത്തു മനഃപൂര്‍വ്വം നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കാനായിരുന്നു മഹിജയുടെ ശ്രമമെന്നായിരുന്നു നേരത്തെ മണിയുടെ ആരോപണം. ഇനിയും സമരം ചെയ്യാന്‍ വന്നാല്‍ ഇനിയും അറസ്റ്റ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. മഹിജയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് നടത്തിയ അതിക്രമത്തെ മണി ന്യായീകരിക്കുകയും ചെയ്തിരുന്നു.

Post a Comment
0 Comments