തിരുവനന്തപുരം (www.evisionnews.in): പെണ്‍കെണിയില്‍ കുടുങ്ങി എകെ ശശീന്ദ്രന്‍ രാജിവെച്ചതിന് പിന്നാലെ ഗതാഗത മന്ത്രിയായി ചുമതലയേറ്റ തോമസ് ചാണ്ടി കുവൈറ്റില്‍ ഇന്ത്യക്കാരെ വഞ്ചിച്ചതിന് ശിക്ഷപ്പെട്ടയാളെന്ന നടുക്കുന്ന വിവരവുമായി സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍.
വിദേശത്ത് ശിക്ഷിക്കപ്പെട്ട ഒരാള്‍ മന്ത്രിയാവുന്നത് അധാര്‍മ്മികമാണെന്ന് എന്‍.എസ് മാധവന്‍ തുറന്നടിച്ചു. കുവൈറ്റിലെ ഇന്ത്യക്കാരെ അതിഭയങ്കരമായി പറ്റിക്കുകയും അതിന് ശിക്ഷിക്കപ്പെടുകയും ചെയ്ത ഒരാള്‍ ആനവണ്ടിയുടെ വളയം പിടിക്കുന്നത് അധാര്‍മികമാണ്- ട്വിറ്ററിലൂടെ എന്‍.എസ് പ്രതികരിച്ചു.
കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് പണം തട്ടിയ കേസില്‍ കുവൈറ്റ് കോടതി തോമസ് ചാണ്ടിക്ക് എട്ട് വര്‍ഷം തടവുശിക്ഷ വിധിച്ച ഗള്‍ഫ്‌ന്യൂസ് വാര്‍ത്തയുടെ ലിങ്ക് കൂടി ഷെയര്‍ ചെയുകൊണ്ടാണ് എന്‍.എസ് മാധവന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇലക്ഷന്‍ നിയമം വിദേശത്ത് ശിക്ഷിക്കപ്പെട്ടവരെപ്പറ്റി നിശബ്ദമാണ്. നൈതികത അങ്ങനെ അല്ല. തോമസ് ചാണ്ടിയുടെ നിയമനം പുന:പരിശോധിക്കണമെന്നും എന്‍.എസ് മാധവന്‍ ആവശ്യപ്പെട്ടു.
അതിനിടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കുവൈറ്റ് ടൈംസ് ലേഖകനുമായിരുന്ന കെ.പി മോഹനന്‍, കുവൈറ്റില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന മാത്യു ഫിലിപ്പ് എന്നിവരാണ് തോമസ് ചാണ്ടി അകപ്പെട്ട കേസിലെ കൂട്ടുപ്രതികള്‍. സാല്‍മിയയിലെ ഇന്ത്യന്‍ സ്‌കൂളില്‍ നിന്നും തോമസ് ചാണ്ടിയും മറ്റു രണ്ടുപേരും ചേര്‍ന്ന് 42 കോടി തട്ടിയെടുത്തെന്ന കേസില്‍ 2002ല്‍ കുവൈറ്റ് കോടതി തോമസ് ചാണ്ടിക്കും മറ്റ് മൂന്നുപേര്‍ക്കും എട്ടുവര്‍ഷത്തെ ജയില്‍ ശിക്ഷയും 500 കുവൈറ്റ് ദിനാര്‍ പിഴയും ചുത്തിയിരുന്നു. തുടര്‍ന്ന് തോമസ് ചാണ്ടി 85,000 കുവൈറ്റ് ദിനാര്‍(ഒരു കോടി രൂപയോളം) കെട്ടിവെച്ച് ജാമ്യത്തില്‍ ഇറങ്ങുകയും മാത്യു ഫിലിപ്പിന് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു.

Post a Comment
0 Comments