Type Here to Get Search Results !

Bottom Ad

പോലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മയെ റോഡിലൂടെ വലിച്ചിഴച്ചു

തിരുവനന്തപുരം (www.evisionnews.in): നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഡി.ജി.പി ഓഫിസിന് മുന്നില്‍ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ കുടുംബത്തെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പോലീസ് ആസ്ഥാനത്ത് സമരം ചെയ്യാന്‍ പാടില്ലെന്നു പറഞ്ഞാണ് ഇവരെ അറസ്റ്റു ചെയ്തത്. 

ഡിജിപി ഓഫിസിന് മുന്നിലെ പൊതുജനങ്ങള്‍ക്ക് അനുവദിച്ച കസേരയില്‍ ഇരുന്ന് സമരം ചെയ്ത് ശാന്തമായി തിരിച്ചുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചുവെങ്കിലും പോലിസ് വഴങ്ങിയില്ല. അറസ്റ്റിന് വഴങ്ങാതെ റോഡില്‍ കിടന്നു പ്രതിഷേധിച്ച ജിഷ്ണുവിന്റെ അമ്മ മഹിജയെ ബലം പ്രയോഗിച്ചാണ് ഇവിടെ നിന്നും പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവരെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

സമരത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ അറസ്റ്റുചെയ്ത് നീക്കുമെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ജിഷ്ണുവിന്റെ കുടുംബത്തെ ഇന്ന് ഡിജിപി ചര്‍ച്ചയ്ക്കു വിളിച്ചു. പോലീസ് ആസ്ഥാനത്തു സമരം നടത്താനെത്തിയ സാഹചര്യത്തിലാണ് ഡിജിപി ഇവരെ ചര്‍ച്ചയ്ക്കു വിളിച്ചത്. കുടുംബാംഗങ്ങളായ ആറുപേര്‍ക്കു ചര്‍ച്ചയില്‍ പങ്കെടുക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാവരെയും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. വളയത്തെ വീട്ടില്‍ നിന്നും അച്ഛനും അമ്മയും ബന്ധുക്കളും നാട്ടുകാരുമടക്കം 15ഓളം പേരാണ് തിരുവനന്തപുരത്തെത്തിയത്. ജിഷ്ണുവിന്റെ സഹപാഠികളും സമരത്തിനെത്തിയിരുന്നു.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ കൃഷ്ണദാസിനെ പോലീസ് അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷം കഴിഞ്ഞ ദിവസം തന്നെ വിട്ടയച്ചിരുന്നു. മുന്‍കൂര്‍ ജാമ്യമുള്ളതിനാലാണ് അറസ്റ്റു ചെയ്യപ്പെട്ടതിന് ശേഷം വിട്ടത്. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad