Type Here to Get Search Results !

Bottom Ad

കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം തുറന്നു


കാസര്‍കോട് (www.evisionnews.in): കാസര്‍കോട്ടുകാരുടെയും ജില്ലയിലെ പ്രവാസികളുടെയും ചിരകാലസ്വപ്‌നം സാക്ഷാത്കരിച്ച് കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം തുറുന്നു. നഗരമധ്യത്തിലെ ഹെഡ്‌പോസ്റ്റ് ഓഫീസ് സമുച്ചയത്തില്‍ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രത്തിലാണ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. ഇതോടെ പാസ്‌പോര്‍ട്ട് സംബന്ധമായ ജനങ്ങള്‍ അഭിമൂഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇതേ കേന്ദ്രത്തില്‍ പരിഹാരമുണ്ടാകും. പാസ്‌പോര്‍ട്ടിന് വേണ്ടി പയ്യന്നൂരിനെയും കോഴിക്കോടിനെയും സമീപിക്കുന്ന അവസ്ഥയും ഇതോടെ ഇല്ലാതാവും. 

ശനിയാഴ്ച രാവിലെ പി. കരുണാകരന്‍ എം.പി സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായിരുന്നു. പത്തനംതിട്ടക്ക് പുറമെ സംസ്ഥാനത്ത് പോസ്റ്റ് ഓഫീസുകള്‍ക്ക് അനുബന്ധമായി വിദേശകാര്യ- പോസ്റ്റല്‍ വകുപ്പുകളുടെ സംയുക്ത സംരംഭമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെതും കാസര്‍കോട് ലോകസഭാ നിയോജക മണ്ഡലത്തിലെ രണ്ടാമത്തെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രവും കൂടിയാണെന്ന പ്രത്യേകതയും പുതിയ സേവാ കേന്ദ്രത്തിനുണ്ട്.


കമ്പ്യൂട്ടറുകളും ബയോമെട്രിക് ഉപകരണങ്ങളും ലഭ്യമല്ലാത്തതിനാല്‍ സേവാകേന്ദ്രം തുടങ്ങുന്നതില്‍ കാലതാമസമുണ്ടായിരുന്നു. എന്നാല്‍ എംപിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഇന്ന് ഉദ്ഘാടനം നടന്നത്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ഒരു ജീവനക്കാരനും അപേക്ഷകള്‍ പരിശോധിക്കുന്നതിന് ഒരു പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാരനും കേന്ദ്രത്തിലുണ്ടാകും. ആവശ്യമായ ഉപകരണങ്ങള്‍ എത്തിച്ചു. ആദ്യ ദിവസങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പത്ത് അപേക്ഷ മാത്രമാണ് പരിഗണിക്കുക. പിന്നീട് വര്‍ധിപ്പിക്കും. പൂര്‍ണമായ സൗകര്യമാകുന്നതോടെ ദിവസം 150 അപേക്ഷവരെ പരിഗണിക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്.

സേവാ കേന്ദ്രം പൂര്‍ണമായി ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പി. കരുണാകരന്‍ ആവശ്യപ്പെട്ടു. എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍, വിവിധ കക്ഷി നേതാക്കളായ ഹക്കീം കുന്നില്‍, കെ ശ്രീകാന്ത്, സിഎച്ച് കുഞ്ഞമ്പു, എം.സി ഖമറുദ്ദീന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, അസീസ് കടപ്പുറം, എ.ഡി.എം കെ അമ്പുജാക്ഷന്‍, കേരള പോസ്റ്റല്‍ ഡയറക്ടര്‍ തോമസ് ലൂര്‍ദ് രാജ്, റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.പി മധുസൂദനന്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad