Type Here to Get Search Results !

Bottom Ad

പരീക്ഷ ഹാളില്‍ വിദ്യാര്‍ത്ഥിനിയെ മാനസീകമായി പീഡിപ്പിച്ച സംഭവം: വകുപ്പുതല അന്വേഷണം തുടങ്ങി


കാഞ്ഞങ്ങാട് (www.evisionnews.in): എസ്.എസ്.എല്‍.സി പരീക്ഷക്കിടെ വിദ്യാര്‍ത്ഥിനിയെ പരീക്ഷാ ഡ്യൂട്ടിക്കെത്തിയ അധ്യാപിക മാനസികമായി പീഡിപ്പിച്ചതായുള്ള പരാതിയില്‍ വകുപ്പുതല അന്വേഷണം തുടങ്ങി. മലയോരത്തെ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ഇന്‍വിജിലേറ്ററായെത്തിയ ചിറ്റാരിക്കാല്‍ സ്‌കൂളിലെ അധ്യാപിക പരീക്ഷാ ഹാളില്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. 

30ന് നടന്ന കണക്ക് പരീക്ഷയ്ക്കിടെയാണ് സംഭവം. തട്ടമിട്ട് വന്ന കുട്ടിയോട് മറ്റുകുട്ടികളുടെ മുന്നില്‍ തട്ടത്തിനുള്ളില്‍ എന്താടി കോപ്പി അടിക്കാനുള്ള കുറിപ്പാണോ എന്ന് ചോദിക്കുകയും ഇല്ലാത്ത കുറിപ്പ് എടുത്തുതരാന്‍ ആവശ്യപ്പെടുകയും ചെയ്തു. പരീക്ഷ സമയത്ത് കൂടുതല്‍ സമയം കുട്ടിയുടെ അടുത്ത് നിന്ന് നിരീക്ഷിക്കുകയും കുട്ടിയെ മാനസിക സമ്മര്‍ദത്തിലാക്കുകയും ചെയ്തു. പരീക്ഷ ഹാളിലെ മുഴുവന്‍ കുട്ടികള്‍ക്കും അഡീഷണല്‍ ഷീറ്റ് ഈ കുട്ടിയെ കൊണ്ട് തന്നെ കൊടുപ്പിക്കുകയും ചെയ്തു. പരീക്ഷ കഴിഞ്ഞ് പേപ്പര്‍ തുന്നിക്കെട്ടിയില്ലെന്ന് പറഞ്ഞ് വീണ്ടും ആക്ഷേപിച്ചു. 

അധ്യാപികയുടെ മാനസികമായി പീഡനംമൂലം പരീക്ഷ കൃത്യമായി എഴുതാന്‍ പോലും കഴിഞ്ഞില്ലെന്ന് കുട്ടിയുടെ രക്ഷിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ഭക്ഷണം പോലും കഴിക്കാന്‍ തയാറാവാതെ വീട്ടിലെത്തി കരഞ്ഞുതളര്‍ന്നു വീഴുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാവ് വിദ്യാഭ്യാസ മന്ത്രി, ഡി.ഡി, ഡിഡിഇ, സ്‌കൂള്‍ പ്രധാനധ്യാപിക, പിടിഎ കമ്മിറ്റി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ഡിഇഒ കെ.പി പ്രകാശാകുമാര്‍ വരക്കാട് ഹയര്‍സെക്കണ്ടറി സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തി. മാനസിക പീഡനത്തിനിരയായ കുട്ടി പരീക്ഷ എഴുതിയ ഹാളിലെ പത്തു വിദ്യാര്‍ത്ഥികളില്‍ നിന്നും ഡിഡിഇ തെളിവെടുപ്പ് നടത്തി. എല്ലാ കുട്ടികളും അധ്യാപികയുടെ പീഡനം ശരിവെക്കുന്ന രീതിയിലാണ് മൊഴിനല്‍കിയത്. സംഭവത്തെ കുറിച്ച് ചൈല്‍ഡ് ലൈന്‍ അധികൃതരും അന്വേഷണം നടത്തിവരുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad