Type Here to Get Search Results !

Bottom Ad

മണല്‍ മാഫിയയുടെ വധശ്രമം: ഉഡുപ്പി വനിതാ ജില്ലാ കലക്ടറും അസി. കലക്ടറും രക്ഷപ്പെട്ടത് തലനാരിഴക്ക്


ഉഡുപ്പി (www.evisionnews.in): മണലൂറ്റ് തടയാനെത്തിയ തങ്ങളെ മണല്‍ മാഫിയയും ഗുണ്ടകളും ചേര്‍ന്ന് തല്ലിക്കൊല്ലാന്‍ ശ്രമിച്ചുവെന്ന പരാതിയുമായി ഉഡുപ്പി ജില്ലാ കലക്ടര്‍ പ്രിയങ്ക ഫ്രാന്‍സിസ് പോലീസിലെത്തി. ഞായറാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് കുന്താപുരത്തിന് സമീപം കണ്ടലൂരിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ജില്ലാ കലക്ടര്‍ക്കൊപ്പം അസി. കമ്മീഷണറായ ശില്‍പാനാഗുമുണ്ടായിരുന്നു. 

ഉഡുപ്പി പോലീസിലാണ് വനിതകളായ ഇരുവരും പരാതിപ്പെട്ടത്. തുടര്‍ന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് ജില്ലാ കലക്ടറും അസി. കമ്മീഷണറും മാധ്യമങ്ങളെ കണ്ട് വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ഭീതിപ്പെടുത്തിയ സംഭവങ്ങള്‍ വിവരിച്ചു. 

സംഭവത്തെ കുറിച്ച് ഇരുവരും പറയുന്നതിങ്ങനെ: അനധികൃത മണലൂറ്റ് നടക്കുന്ന ഹല്‍നാട് എന്ന സ്ഥലത്ത് റെയ്ഡ് നടത്തി ആറു ഉത്തരേന്ത്യന്‍ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് രാത്രി 11.30ന് കുന്താപുരത്തിന് സമീപം കണ്ടലൂരില്‍ റെയ്ഡിനെത്തിയപ്പോഴാണ് കലക്ടറെയും അസി. കലക്ടറേയും ഇവരുടെ ഡ്രൈവര്‍മാരെയും റവന്യൂ ഉദ്യോഗസ്ഥരെയും മണല്‍ ഗുണ്ടകള്‍ അക്രമിച്ചത്. ഉദ്യോഗസ്ഥ സംഘത്തിനൊപ്പമുണ്ടായിരുന്ന കാന്തരാജു എന്നയാളെ തടഞ്ഞുവെച്ചു. പോലീസെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. 

അതിനിടെ ഉദ്യോഗസ്ഥരുടെ മര്‍ദനത്തില്‍ പരിക്കേറ്റെന്ന് കാണിച്ച് മണലൂറ്റ് സംഘത്തില്‍പെട്ട ഭാസ്‌കര എന്നയാള്‍ ആശുപത്രിയില്‍ ചികിത്സതേടി. അസമയത്ത് വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ തന്നെ പിടികൂടി കാറില്‍ തള്ളിക്കയറ്റാന്‍ ശ്രമിക്കുന്നതിനിടെ തന്റെ കൈവിരലുകള്‍ ഡോറില്‍ കുടുങ്ങി അറ്റുപോയതായി ഭാസ്‌കര പറയുന്നു. കസ്റ്റഡിയിലുള്ള മണലൂറ്റുകാരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ലോക്കല്‍ പോലീസിനെ അറിയിക്കാതെയാണ് അര്‍ധരാത്രി മണല്‍ മാഫിയയെ കസ്റ്റഡിയിലെടുക്കാന്‍ വനിതകളായ ജില്ലാ കലക്ടറും അസി. കലക്ടറും റെയ്ഡിനിറങ്ങിയത്. പോലീസില്‍ വിവരമറിയിച്ചാല്‍ വിവരം ചോരുമെന്നതിനാലാണ് റെയ്ഡ് അതീവരഹസ്യമാക്കിയത്. 

Post a Comment

0 Comments

Top Post Ad

Below Post Ad