Type Here to Get Search Results !

Bottom Ad

വാഹനാപകടത്തില്‍ മരിച്ച മുത്തലിബിന്റെ ഖബറടക്കം ഉച്ചക്ക്‌ശേഷം


കാസര്‍കോട്: (www.evisionnews.in) തിങ്കളാഴ്ച്ച രാത്രി കാസര്‍കോട്-കുമ്പള ദേശീയ പാതയില്‍ സി പി സി ആര്‍ ഐക്ക് സമീപം ചൗക്കിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ കാരവല്‍ റിപ്പോര്‍ട്ടര്‍ എ എച്ച് മുത്തലിബി(42)ന്റെ മൃതദേഹം ഉച്ചക്ക്‌ശേഷം കാവുഗോളി വലിയ ജുമാത്ത് പള്ളിയില്‍ ഖബറിടത്തില്‍ സംസ്‌കരിക്കും.

തിങ്കളാഴ്ച്ച രാത്രി 10 മണിയോടെയാണ് മുത്തലിബിന്റെ ജീവന്‍ കവര്‍ന്ന അപകടം ഉണ്ടായത്. കാസര്‍കോട് നിന്നു കല്ലങ്കൈ, അര്‍ജാലിലെ വീട്ടിലേയ്ക്ക് ബൈക്കില്‍ പോകുന്നതിനിടയിലായിരുന്നു അപകടം. ചൗക്കി ജംഗ്ഷനില്‍ നിന്നു കമ്പാര്‍ റോഡിലേയ്ക്ക് തിരിയുന്നതിനിടയില്‍ കാസര്‍കോട് ഭാഗത്തേയ്ക്ക് വരികയായിരുന്ന കര്‍ണ്ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ് പോര്‍ട്ടിന്റെ ഐരാവത് ബസിടിച്ചാണ് അപകടം ഉണ്ടായത്. അമിത വേഗതയിലെത്തിയ ബസ് മുത്തലിബ് സഞ്ചരിച്ചിരുന്ന ബൈക്കിലിടിക്കുകയും വളരെ ദൂരത്തേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.

തലയ്ക്കു സാരമായി പരിക്കേറ്റ മുത്തലിബിനെ സ്ഥലത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് അതീവ ഗുരുതരമായതിനാല്‍ മംഗളൂരിലെ ആശുപത്രിയിലെത്തിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. മംഗളൂരുവിലേയ്ക്കു കൊണ്ടു പോകവെയാണ് അന്ത്യം സംഭവിച്ചത്. തുടര്‍ന്ന് മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. വിവരമറിഞ്ഞ് മാധ്യമ പ്രവര്‍ത്തകരും സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധി പേരും ആശുപത്രിയിലെത്തി. 

ഇന്‍ക്വസ്റ്റിനും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മൃതദേഹം പ്രസ്‌ക്ലബിലും കാരവല്‍ ഓഫിസിലും പൊതുദര്‍ശനത്തിന് വെച്ചു. അര്‍ജാലിലെ ബ്രദേഴ്‌സ് മഹലിലെ അലി ഹസന്‍ ഉമ്മാലി ഉമ്മ ദമ്പതികളുടെ മകനാണ് മുത്തലിബ്. ഭാര്യ നിസ. നിഹാല്‍(8) മുഹമ്മദ് (2) മക്കളും ജലാല്‍, അബ്ദുല്‍ റഹ്മാന്‍, ബീഫാത്തിമ സഹോദരങ്ങളുമാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad