തിരുവനന്തപുരം: (www.evisionnews.in) മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച മംഗളം ടെലിവിഷന്റെ ഫോണ്‍വിളി വിവാദത്തില്‍ ചാനല്‍ മേധാവി അജിത്ത്കുമാറും സംഘവും പൊലീസില്‍ കീഴടങ്ങി. തിങ്കളാഴ്ച്ച ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നുരാവിലെ കേസിലെ അജിത്ത് അടക്കമുളള ഏഴു പ്രതികള്‍ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തി കീഴടങ്ങിയത്.
ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. നേരത്തെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നിട്ടും ഇവര്‍ ഹാജരായിരുന്നില്ല. അറസ്റ്റ് തടയണമെന്ന ഇവരുടെ ആവശ്യവും ഹൈക്കോടതി ഇന്നലെ തളളിയിരുന്നു. ഇതിനിടെയാണ് ചാനല്‍മേധാവിയുടെയും സംഘത്തിന്റെയും കീഴടങ്ങല്‍.
അന്വേഷണസംഘത്തിന് മുന്നില്‍ എത്തുന്നതിന് മുന്‍പായി തന്റെ ലാപ്‌ടോപ്പും മൊബൈല്‍ഫോണും മോഷണം പോയെന്ന് കാണിച്ച് ചാനല്‍മേധാവി അജിത്ത്കുമാര്‍ ഇന്നലെ രാത്രി തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണ സംഘം ഇന്നലെയും ഓഫിസില്‍ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും സീല്‍ ചെയ്‌തെടുത്ത കംപ്യൂട്ടറും മറ്റുരേഖകളും ഇന്ന് ഫോറന്‍സിക് പരിശോധനയ്ക്കായി അയക്കും. ചാനലില്‍ നിന്നും രാജിവെച്ച രണ്ടു മാധ്യമപ്രവര്‍ത്തകരുടെയും എ.കെ ശശീന്ദ്രന്റെയും മൊഴികള്‍ ഇന്നു രേഖപ്പെടുത്തുമെന്നാണ് വിവരങ്ങള്‍.

Post a Comment
0 Comments