കാസര്‍കോട്: (www.evisionnews.in) മദ്രസാ അധ്യാപകന്‍ റിയാസ് മൗലവിയെ പള്ളിയില്‍ കയറി വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ കാസര്‍കോട് പോലീസിന്റെ ജാഗ്രത കുറവും കൃത്യവിലോപവും അന്വേഷിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ് മാന്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി, എ ഡി ജി.പി എന്നിവര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
റിയാസ് മൗലവി വധക്കേസ്സില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടിയ പ്രതികള്‍ വെളിപ്പെടുത്തിയ മുന്‍ കുറ്റകൃത്യങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു.
രണ്ട് പേരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് ബിയര്‍ കുപ്പി കൊണ്ട് കുത്തി വധിക്കാന്‍ ശ്രമിച്ച കേസ്സ്, എട്ട് വീടുകള്‍ കല്ലെറിഞ്ഞ് തകര്‍ത്ത സംഭവം, വീട്ട് വളപ്പില്‍ നിര്‍ത്തിയിട്ട കാര്‍ കല്ലെറിഞ്ഞ് തകര്‍ത്ത കാര്യം, മോഷ്ടിച്ച ബൈക്ക് ഉപയോഗിച്ച് ആക്രമങ്ങള്‍ നടത്തിയ സംഭവങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ യഥാ സമയം അന്വേഷിച്ച് പ്രതികളെ പിടികൂടി ജയിലിലാക്കിയിരുന്നുവെങ്കില്‍ ഇവര്‍ക്ക് റിയാസ് മൗലവിയെ വധിക്കാന്‍ സാധിക്കുമായിരുന്നില്ല. ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ നടത്തുന്ന ആക്രമങ്ങളെയും കൊലപാതകങ്ങളേയും കാസര്‍കോട് പോലീസ് നിസ്സാരവല്‍ക്കരിക്കുന്നത് മൂലമാണ് യാതൊരു പ്രകോപനവുമില്ലാതെ അനിഷ്ട സംഭവങ്ങള്‍ നിത്യവും അരങ്ങേറുന്നത്.
സംഘ് പരിവാര്‍ ഗുണ്ടാ സംഘങ്ങളുടെ താവളമായി മധൂര്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങള്‍ മാറിയത് പോലീസിന്റെ തെറ്റായ സമീപനമൂലമാണ്, ഗുണ്ടാ മാഫിയകള്‍ക്കും മയക്ക് മരുന്ന്,കഞ്ചാവ് വ്യാജചാരായ സംഘങ്ങള്‍ക്കും പോലീസ് രഹസ്യങ്ങള്‍ ചോര്‍ത്തി കൊടുക്കുന്ന ഒരു സംഘം പോലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിച്ച് വരുന്നു. ഒട്ടനവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതികളായ ബി.ജെ.പി. നേതാക്കന്മാരെയും പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ എത്തിക്കാന്‍ യഥാസമയം നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ പല കൊലപാതകങ്ങളും അതിലേറെ ആക്രമങ്ങളും ഒഴിവാക്കാന്‍ പറ്റുമായിരുന്നുവെന്നും അബ്ദുല്‍ റഹ് മാന്‍ പറഞ്ഞു .

Post a Comment
0 Comments