Type Here to Get Search Results !

Bottom Ad

മദ്രസാധ്യാപകന്റെ കൊല : മുഖ്യപ്രതി അജേഷ് നാലുകേസുകളില്‍ കൂടി പ്രതി


കാസര്‍കോട്: (www.evisionnews.in) ചൂരിയില്‍ മദ്രസ അധ്യാപകന്‍ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു(20)വിനെ നാലു കേസുകളില്‍ കൂടി പ്രതിയാക്കി. രണ്ടാം പ്രതി കേളുഗുഡ്ഡെയിലെ നിഥിനെ (19) മൂന്നു കേസുകളിലും പ്രതിയാക്കി. 

ഒരു ക്ലബ്ബിന് മുന്നില്‍ വെച്ച് ഹക്കീം എന്ന യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അജേഷിനെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തിരുന്നു. കൂടാതെ മറ്റൊരു യുവാവിനെ ബിയര്‍ കുപ്പികൊണ്ടടിച്ചതിനും കേസുണ്ട്. രണ്ടിലും ഇതുവരെ പ്രതികളെ തിരിച്ചറിഞ്ഞിരുന്നില്ല. ഇതിലാണ് അജേഷിനെയും നിതിനെയും പ്രതികളാക്കിയത്. മൗലവി കേസില്‍ രണ്ടു പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റ സമ്മതം നടത്തിയിട്ടുണ്ട്. 

കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതികളില്‍ നിന്ന് തെളിവെടുപ്പുകള്‍ പൂര്‍ത്തിയായി. ഇതേ തുടര്‍ന്ന് മൂന്നു പ്രതികളെയും കോടതിയില്‍ തിരികെ ഹാജരാക്കും. പ്രതികളെയും കൂട്ടി കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. കൊലപാതകത്തിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യല്‍ നടത്തി. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നു അറിയുന്നു.

ബി.ജെ.പി. ഹര്‍ത്താലിനിടയില്‍ കറന്തക്കാട്ട് വെച്ച് ബൈക്ക് ചവിട്ടി വീഴ്ത്തി യുവാവിനെ പരിക്കേല്‍പ്പിച്ചതിന് സാമുദായിക സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന വകുപ്പ് കൂടി ചേര്‍ത്താണ് പുതിയ കേസ് എടുത്തിട്ടുള്ളത്. മാര്‍ച്ച് 18ന് കബഡി ടൂര്‍ണമെന്റിനിടയില്‍ ബൈക്ക് മോഷ്ടിച്ചതിനും അജേഷിനെയും നിതിനെയും പ്രതിയാക്കികേസെടുത്തിട്ടുണ്ട്. ഇതിലും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഒരു കാര്‍ എറിഞ്ഞു തകര്‍ത്തതിനും എട്ടു വീടുകള്‍ക്ക് നേരെ കല്ലെറിഞ്ഞതായും പ്രതികള്‍ മൊഴി നല്‍കിയെങ്കിലും ഈ സംഭവങ്ങളില്‍ പരാതികള്‍ പോലീസിന് ലഭിച്ചിട്ടില്ല. 

Post a Comment

0 Comments

Top Post Ad

Below Post Ad