തിരുവനന്തപുരം (www.evisionnews.in): അസംതൃപ്തരായ കോണ്‍ഗ്രസ് നേതാക്കളെ ചാക്കിലാക്കി കേരളത്തിലെ ബിജെപിയെ ശക്തമാക്കാന്‍ കേന്ദ്ര നേതൃത്വം വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. സംസ്ഥാനത്തെ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്താന്‍ പുറത്തുനിന്ന് കുടുതല്‍ നേതാക്കളെ പാര്‍ട്ടിയിലേക്ക് എത്തിക്കണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ കുടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാനത്ത് തുടര്‍ സന്ദര്‍ശനങ്ങള്‍ നടത്തും.
മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതിന് പിന്നാലെ ഈ പുതിയ രാഷ്ട്രയീ നീക്കം ശക്തിപ്പെടുത്താനാണ് ബി.ജെ.പിയുടെ ശ്രമം. സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച ഉയര്‍ത്തിയാവും ബിജെപി പ്രചരണം. സംസ്ഥാനത്ത് ഇനി സിപിഎം- ബിജെപി പോരാട്ടമാണ് നടക്കാന്‍ പോകുന്നതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളിധര റാവു പറഞ്ഞു.
സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്നതിന് ഉതകുന്ന പരിപാടികള്‍ പാര്‍ട്ടി ആവിഷ്‌കരിക്കുമെന്നും മുരളിധര റാവു പറഞ്ഞു. ഗോവധത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവമാണ്. ഇതിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ ബിജെപിയെ മാറ്റിനിര്‍ത്തില്ലെന്നും മുരളീധര്‍ റാവു വ്യക്തമാക്കി.

Post a Comment
0 Comments