മലപ്പുറം ബിജെപിയിലേക്ക് ചേക്കേറുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പേര് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ വെളിപ്പെടുത്തണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. നാല് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത കുറച്ചുകാലമായി പ്രചരിക്കുന്നുണ്ട്. അക്കാര്യം ഹസന്‍ ഇപ്പോള്‍ സ്ഥിരീകരിക്കയാണ്. അതില്‍പ്പെട്ട ഒരാള്‍ തിരുവനന്തപുരം എംപിയാണെന്നും അയാളുമായി സംസാരിച്ച് വ്യക്തത വരുത്തിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് വിട്ടുപോകില്ലെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നുമാണ് ഹസന്‍ പറഞ്ഞത്. നാലുപേരില്‍ ഒരാള്‍ ശശി തരൂര്‍ എന്നാണ് വ്യക്തമാക്കിയത്.
കഴിഞ്ഞദിവസം ഹസന്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോള്‍ അതിനെ ആദ്യം എതിര്‍ത്തത് തരൂരായിരുന്നു. കുറച്ചുകാലമായി തരൂര്‍ സ്വീകരിക്കുന്ന സമീപനം സംശയകരമാണെന്ന വാര്‍ത്തയുണ്ടായിരുന്നു. അത് ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കയാണ്. ഒരാളുടെ പേര് വെളിപ്പെടുത്തിയിരിക്കെ മറ്റ് മൂന്നു നേതാക്കളുടെ പേര്കൂടി ഹസനറിയാമെന്നുറപ്പ്. അതുകൂടി വെളിപ്പെടുത്തുകയാണ് വേണ്ടതെന്ന് കോടിയേരി മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്ത അത്ഭുതപ്പെടുത്തുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍എസ്എസുകാരുമാണെന്ന് ഈയിടെ എ കെ ആന്റണി പറഞ്ഞിരുന്നു. ഈ പ്രതികരണം കൂടുതല്‍ അര്‍ഥവത്തായിരിക്കയാണ്.
ദേശീയതലത്തില്‍ കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലേക്ക് പോകുന്നവരുടെ എണ്ണം കൂടുമ്പോഴും കഴിഞ്ഞ ദിവസം മലപ്പുറത്ത് ആന്റണി നടത്തിയ പ്രതികരണം ലാഘവത്തോടെയായിരുന്നു. മുന്‍മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരുമായ നിരവധിപേര്‍ ബിജെപിയിലേക്ക് പോകുന്നത് കോണ്‍ഗ്രസിന്റെ പരിതാപകരമായ അവസ്ഥയാണ് വെളിപ്പെടുത്തുന്നത്. രാഹുല്‍ ഗാന്ധിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിശ്വാസമില്ലാതായി.
ആര്‍എസ്എസ് നേതാവായ മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്നാവശ്യപ്പെട്ട ജാഫര്‍ ഷെരീഫിനെതിരെ നടപടിയെടുക്കാന്‍ നേതൃത്വത്തിന് സാധിക്കുന്നില്ല. ഇത്തരത്തിലുള്ള കോണ്‍ഗ്രസിന് എങ്ങിനെ മതനിരപേക്ഷത സംരക്ഷിക്കാനാകുമെന്നും കോടിയേരി ചോദിച്ചു.

Post a Comment
0 Comments