കൊച്ചി: പാതയോരത്തു മദ്യശാല പാടില്ലെന്ന സുപ്രീം കോടതിവിധിയില്‍ പ്രതിഷേധിച്ച് അഞ്ചിന് ഹൈക്കോടതിയിലേക്കു പ്രകടനവും ധര്‍ണയും നടത്തുമെന്ന് സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോടതി വിധിയെ തുടര്‍ന്ന് സംസ്ഥാനത്ത് 10000 പേര്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടെന്ന് സി.ഐ.ടി.യുവിന്റെ കണക്ക്. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, ബി.എം.എസ്. സംഘടനകളുടെ നേതൃത്വത്തിലായിരിക്കും പ്രതിഷേധ പരിപാടികള്‍.മദ്യം അപകടത്തിനു കാരണമാകുമെങ്കില്‍ മദ്യപിച്ചു വാഹനമോടിക്കുന്നവരുടെ ലൈസന്‍സാണ് റദ്ദാക്കേണ്ടത്. പാതയോരത്തെ ഏകദേശം 1500 കള്ളുഷാപ്പുകളാണു പൂട്ടിയത്. സുപ്രീം കോടതിയുടെ ഈ വിധി ജോലിചെയ്തു ജീവിക്കാനുള്ള അവകാശങ്ങളുടെ ലംഘനമാണ്. പാതയോരത്തെ കള്ളുഷാപ്പുകളിലും ബിയര്‍വൈന്‍ പാര്‍ലറുകളിലുമായി അരലക്ഷത്തോളം തൊഴിലാളികളുണ്ട്. ഷാപ്പുകള്‍ അടപ്പിക്കാന്‍ വിധിച്ച കോടതി തൊഴില്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള മാര്‍ഗം കൂടി പറയേണ്ടിരുന്നു. സംസ്ഥാന ഖജനാവില്‍ പ്രതിവര്‍ഷം 5000 കോടി നികുതി നഷ്ടവും ടൂറിസം മേഖലയില്‍ 25000 കോടി രൂപയുടെ നഷ്ടവുമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Post a Comment
0 Comments