കാസര്‍കോട് (www.evisionnews.in): മധൂര്‍ പഞ്ചായത്തിലെ പഴയ ചൂരി മുഹിയിദ്ദീന്‍ ജുമാമസ്ജിദ് ഇമാം റിയാസ് മൗലവിയെ പള്ളിക്കകത്ത് താമസമുറിയില്‍ ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സി.പി.എം തുടരുന്ന മൗനം അവസാനിപ്പിക്കണമെന്ന് എസ്.ടി.യു ദേശീയ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു. യാതൊരു പ്രകോപനവുമില്ലാതെ മേല്‍പ്രദേശത്ത് അഞ്ചാറ് കൊല്ലത്തിനിടയില്‍ നടന്ന മൂന്നാമത്തെ കൊലപാതകമാണിത്.
മൂന്ന് സംഭവങ്ങളിലും പ്രതികള്‍ ആര്‍.എസ്.എസുകാരാണ്. കേരളത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവമാണ് പള്ളിയില്‍ കയറി ഇമാമിനെ അറുകൊല ചെയ്തത്. ഇത് മദ്യലഹരിയില്‍ ചെയ്ത നിസാര പ്രശ്‌നമായിട്ടാണ് ബന്ധപ്പെട്ടവര്‍ ചിത്രീകരിക്കുന്നത്. റിയാസ് മൗലവിയെ കൊലപ്പെടുത്തിയതിലൂടെ രാജ്യത്ത് കലാപം അഴിച്ച് വിടാനും വര്‍ഗ്ഗിയ ചേരിതിരിവ് സൃഷ്ടിക്കാനും അതുവഴി നേട്ടം കൊയ്യാനുമാണ് സംഘ് പരിവാര്‍ സംഘടനകള്‍ ലക്ഷ്യം വെച്ചത്.
രാജ്യദ്രോഹ- ഭീകരവാദ പ്രവര്‍ത്തനങ്ങളാണു പ്രതികള്‍ ചെയതിട്ടുള്ളതെന്ന് എല്ലാവര്‍ക്കും അറിയാം.ഇത് യു.എ.പി.എ.യുടെ പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങളാണ്. റിയാസ് മൗലവിയുടെ മൃഗീയ കൊലക്ക് പിന്നില്‍ വന്‍ ഗൂഡാലോചനയും ചില നേതാക്കളുടെ പ്രേരണയും ഉണ്ടന്നുള്ളത് പകല്‍ പോലെ വ്യക്തമാണു. പ്രതികളുടെ മൊഴികള്‍പ്പോലും വ്യക്തമായ പരിശീലനത്തിന്റെ ഭാഗമാണ്. ഇക്കാര്യത്തില്‍ ശക്തമായ നടപടി ഉണ്ടാകണമെന്ന് സി.പി.എം ആവശ്യപ്പെട്ടിട്ടില്ല.
സംഭവത്തില്‍ ഗൂഡാലോചനക്കും പ്രേരണക്കും കേസ്സെടുക്കണമെന്നോ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നോ സി.പി.എം ആവശ്യപ്പെട്ടിട്ടില്ല. വോട്ട് തട്ടാന്‍ വേണ്ടി ന്യൂനപക്ഷ പ്രേമം അഭിനയിക്കുകയും ന്യൂനപക്ഷങ്ങളെ അറുകൊല ചെയ്യുമ്പോള്‍ മൗനം പാലിക്കുകയും ചെയ്യുന്ന സി.പി.എം റിയാസ് മൗലവിയെ പള്ളിയില്‍ കയറി അതിക്രൂരമായി വധിച്ച സംഭവത്തില്‍ ഗൂഡാലോചനക്കും പ്രേരണക്കും ഭീകരവാദത്തിനു കേസ്സെടുക്കുന്ന കാര്യത്തിലും പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്നതിലും നിലപാട് വ്യക്തമാക്കണമെന്ന് അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ ജില്ലയില്‍ ആര്‍.എസ്.എസിനെതിരെ ശബ്ദിക്കുന്ന സി.പി.എം കാസര്‍കോട് ജില്ലയില്‍ സംഘ് പരിവാര്‍ സംഘടനകളുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണെന്നും ഇത് മതേതര ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിയണമെന്നും അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.

Post a Comment
0 Comments