കാസര്‍കോട് (www.evisionnews.in): തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ ബാങ്കായി പിറന്ന് പീന്നീട് കേരളത്തിന്റെ സ്വന്തം ബാങ്കായി മാറിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇനി ചരിത്രമാകുന്നു. മൂന്നു ദിവസം കൂടി കഴിഞ്ഞാല്‍ എപ്രില്‍ ഒന്നുമുതല്‍ കേരളത്തിന്റെ സ്വന്തം ബാങ്കായ എസ്ബിടി എസ്ബിഐയില്‍ ലയിക്കും. തുടര്‍ന്ന് എസ്ബിഐ ആയി മാറ്റപ്പെടും.
കാസര്‍കോട് ജില്ലയില്‍ എസ്.ബി.ഐക്ക് പതിനൊന്ന് ശാഖകളാണുള്ളത്. കാസര്‍കോട് നഗരപരിധിയില്‍ മാത്രം മെയിന്‍ ബ്രാഞ്ചടക്കം മൂന്നു ബ്രാഞ്ചുകളുണ്ട്. റെയില്‍വെ സ്റ്റേഷന്‍ റോഡിലെ മെയിന്‍ ബ്രാഞ്ചും അമേയ് റോഡ്, സിവില്‍ സ്‌റ്റേഷന്‍ ബ്രാഞ്ചകളുമാണ് കാസര്‍കോട്ടെ ബേങ്കുകള്‍. മലയോരത്തെ കടുമേനി, ചിറ്റാരിക്കാല്‍ ബ്രാഞ്ചുകള്‍ക്ക് പുറമെ നീലേശ്വരം, കയ്യൂര്‍ ചീമേനി, മഞ്ചേശ്വരം, തൃക്കരിപ്പൂര്‍, ഉദുമ ബ്രാഞ്ചുകളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. ഏറ്റവുമൊടുവില്‍ ജില്ലയില്‍ ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ കോളിയടുക്കത്ത് പെരുമ്പള ബ്രാഞ്ചും ബാങ്ക് തുറന്നിട്ടുണ്ട്.
ലയന നടപടികള്‍ തിരുവനന്തപുരത്തെ ആസ്ഥാന മന്ദിരത്തില്‍ നിന്നാണ് തുടങ്ങുന്നത്. പൂജപ്പുരയിലെ കെട്ടിടത്തിന് മുകളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ ബോര്‍ഡുകളും ചിഹ്നവും മാറ്റി എസ്ബിഐ ആക്കുന്ന തിരക്കിലാണ് ജീവനക്കാര്‍. സംസ്ഥാനത്തെ 857 ബ്രാഞ്ചുകള്‍ ഉള്‍പ്പെടെ രാജ്യത്തെ 1,177 ബ്രാഞ്ചുകളും ഏപ്രില്‍ ഒന്നിന് എസ്ബിഐ ആകും. ആസ്ഥാന മന്ദിരത്തില്‍ ഉള്‍പ്പെടെ 14,195 ജീവനക്കാര്‍ കേരളത്തിലുണ്ട്.
ലയനത്തോടെ ഇത്രയും ജീവനക്കാരും വന്‍ നിക്ഷേപവും വായ്പയുമെല്ലാം എസ്ബിഐക്ക് സ്വന്തമാകും. എംഡിയാണ് എസ്ബിടിയെ നിയന്ത്രിച്ചിരുന്നത്. ലയിച്ചാല്‍ എംഡി ഇല്ല. എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ക്കായിരിക്കും കേരള സര്‍ക്കിളിന്റെ ചുമതല. പുജപ്പുരയിലെ ആസ്ഥാന മന്ദിരം ഇനി എസ്ബിഐ കേരള സര്‍ക്കിള്‍ മന്ദിരമാകും. വാര്‍ഷിക കണക്കെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഒന്നിന് ബാങ്ക് പ്രവര്‍ത്തനമില്ല. രണ്ടിന് അവധിയായതിനാല്‍ മൂന്നിന് എസ്ബിടി ബ്രാഞ്ചുകള്‍ തുറക്കുന്നത് എസ്ബിഐയുടെ പേരിലാകും.

Post a Comment
0 Comments