പെര്‍ള (www.evisionnews.in): കാസര്‍കോട് താലൂക്കിലെ കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളും സിപിഎം നേതാവുമായ പെര്‍ളയിലെ മദന മാസ്റ്റര്‍ അന്തരിച്ചു. 100 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ പെര്‍ളയിലെ സ്വവസതിയിലായിരുന്നു അന്ത്യം. മംഗളൂരുവിലെ പ്രശസ്തമായ സെന്റ് അലോഷ്യസ് കോളജില്‍ നിന്ന് ബിരുദമെടുത്ത മദന മാസ്റ്റര്‍ ഗാന്ധിജിയുടെ ആഹ്വാന പ്രകാരം ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലേക്ക് എടുത്ത് ചാടി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ദക്ഷിണകര്‍ണാടകയിലാകെ സമരം നയിച്ചു.
തുടര്‍ന്ന് നാഗര്‍കോവിലെത്തിയ അദ്ദേഹം തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലും ബംഗളൂരു ജലന്തര്‍ തുടങ്ങിയ സ്ഥലങ്ങളിലും റെയില്‍വെയില്‍ അസി. ട്രാഫിക് ഓപ്പറേറ്ററായി സേവനമനുഷ്ഠിച്ചു. തിരിച്ച് നാട്ടിലെത്തിയ അദ്ദേഹം പെര്‍ള സത്യനാരായണ സ്‌കൂളില്‍ കായികാധ്യാകനായും ഇംഗ്ലീഷ് അധ്യാപകനായും സേവനമനുഷ്ഠിച്ചു. പഴയ മദ്രാസില്‍ നിന്നാണ് കായികാധ്യാപക പഠനം പൂര്‍ത്തിയാക്കിയത്. അധ്യാപനത്തിന് പുറമെ മികച്ച കര്‍ഷകന്‍ കൂടിയായിരുന്നു അദ്ദേഹം.
കാര്‍ഷിക വൃത്തിയില്‍ നിന്ന് തനിക്ക് ജീവിത വരുമാനം ലഭിക്കുന്നുണ്ടെന്നും അതിനാല്‍ സര്‍വീസ് പെന്‍ഷന്‍ വേണ്ടെന്നും മദന മാസ്റ്റര്‍ സര്‍ക്കാറിന് എഴുതി കൊടുത്ത് മാതൃകയായിരുന്നു. ആദ്യം സിപിഐയിലും പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിലും നിലയുറപ്പിച്ച മദന മാസ്റ്ററെ തേടി മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയാകാനുള്ള അവസരം വന്നപ്പോഴൊക്കെ അദ്ദേഹം നിരസിച്ചു. എന്‍മകജെ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. പെര്‍ള സഹകരണ സൊസൈറ്റിയെ ബേങ്കാക്കി മാറ്റി ഇതിന്റെ പ്രസിഡണ്ടായി. കര്‍ണാടക അതിരിടുന്ന പെര്‍ളയില്‍ ദളിതരുടെയും കൊറഗരുടെയും ഉന്നമനത്തിന് വേണ്ടി പ്രയത്‌നിച്ചു. കൊറഗര്‍ക്ക് വാസയോഗ്യമായ വീടുകള്‍ ഉണ്ടാക്കിക്കൊടുക്കുന്നതിലും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. മരണം വരെ ഖാദി വസ്ത്രം ധരിച്ച ഇദ്ദേഹം പെര്‍ളയിലെ ജനങ്ങളുടെ ഗാന്ധ്യന്‍ കമ്മ്യൂണിസ്റ്റായിരുന്നു.

Post a Comment
0 Comments