ന്യൂഡല്‍ഹി (www..evisionnews.in): ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ഒന്നാം പ്രതിയായ നെഹ്റു കോളജ് ഗ്രൂപ്പ് ചെയര്‍മാനും സ്വാശ്രയ കോളജ് സംഘടനയുടെ സംസ്ഥാന ഭാരവാഹിയുമായ പി. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ലെന്ന് സുപ്രീം കോടതി. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും സംസ്ഥാന സര്‍ക്കാരും നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിശദീകരണം.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിലവില്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനാകില്ല. മറ്റു പ്രതികളുടെ മൊഴികള്‍ മാത്രമാണ് അദ്ദേഹത്തിനെതിരെയുളളത്. കൂടാതെ കോളജില്‍ ഇടിമുറികളുണ്ടെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
തെളിവുകള്‍ പരിശോധിക്കാതെയാണ് കൃഷ്ണദാസിന് ജാമ്യം അനുവദിച്ചതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനവാദം. കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം തേടിയത് ഹൈക്കോടതിയെ തെറ്റിധരിപ്പിച്ചാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ജില്ലാ കലക്ടര്‍ വിളിച്ചിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ ജാമ്യം നല്‍കണമെന്നാണ് കൃഷ്ണദാസ് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് തന്നെ കലക്ടര്‍ വിളിച്ച യോഗം നടന്നിരുന്നു. സര്‍ക്കാര്‍ അഭിഭാഷകനും ഇക്കാര്യം കോടതിയെ അറിയിച്ചില്ല.

Post a Comment
0 Comments