ന്യൂഡല്‍ഹി : (www.evisionnews.in) യുപിഎ സര്‍ക്കാരിന്റെ മഹത്തായ പദ്ധതിയായിരുന്നു ആധാര്‍ എന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. സബ്‌സിഡി ആനുകൂല്യങ്ങള്‍ നേരിട്ടു ലഭ്യമാക്കുന്നതിനും നികുതി വെട്ടിപ്പു തടയുന്നതിനും വേണ്ടി ആധാര്‍ നിര്‍ബന്ധിതമാക്കി അതിനെ മോദി സര്‍ക്കാര്‍ വികസിപ്പിക്കുകയായിരുന്നുവെന്നു മന്ത്രി പറഞ്ഞു. രാജ്യസഭയില്‍ ധനബില്‍ ചര്‍ച്ചയ്ക്കു മറുപടി പറയുമ്പോഴാണ് 'ആധാര്‍' യുപിഎ സര്‍ക്കാരിന്റെ സംഭാവനയാണെന്ന് ജയ്റ്റ്‌ലി തുറന്നു പറഞ്ഞത്. 'നമ്മില്‍ ചിലര്‍ക്കു ചില ഘട്ടങ്ങളില്‍ ആധാര്‍ സംബന്ധിച്ചു സംശയങ്ങളുണ്ടായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ആധാര്‍ യോഗത്തില്‍ ഞാനുമുണ്ടായിരുന്നു. എന്റെ സംശയങ്ങള്‍ക്കു യോഗത്തില്‍ ഉചിതമായ മറുപടി ലഭിച്ചു. ഞങ്ങള്‍ക്കു തുറന്നുപറയാന്‍ മടിയില്ല, ഇതൊരു മഹത്തായ പദ്ധതിയാണെന്നു ഞങ്ങള്‍ അംഗീകരിക്കുന്നു. ഞങ്ങള്‍ ഈ പദ്ധതിയെ വികസിപ്പിക്കുകയാണ്. ഞങ്ങള്‍ ഇത് അംഗീകരിച്ചതാണ്, അതിലൊരു സംശയവും ഇല്ല' - മന്ത്രി പറഞ്ഞു.
ആധാര്‍ നിര്‍ബന്ധിതമാക്കിയത് എന്തിന് എന്ന കോണ്‍ഗ്രസ് അംഗങ്ങളുടെ തുടര്‍ച്ചയായ ചോദ്യത്തിനു മറുപടിയായി, പൊതുക്ഷേമത്തിനു വേണ്ടി രൂപംകൊടുത്ത സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്താതിരിക്കുന്നത് എന്തിനാണെന്നു മന്ത്രി തിരിച്ചുചോദിച്ചു. ബാങ്ക് അക്കൗണ്ട്, ഐടി റിട്ടേണ്‍ വിവരങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ഹാക്കിങ്ങിലൂടെ ചോര്‍ത്തില്ലെന്ന് ഉറപ്പുതരാന്‍ സര്‍ക്കാരിനു കഴിയുമോ എന്നു പി.ചിദംബരം ചോദിച്ചു.

Post a Comment
0 Comments