Type Here to Get Search Results !

Bottom Ad

ജില്ലാ പഞ്ചായത്ത് ബജറ്റ്; ഗതാഗത വികസനത്തിന് 33.2 കോടി

കാസറഗോഡ് (www.evisionnews.in)പുതിയ ഒട്ടേറെ പദ്ധതികള്‍ക്ക് രൂപം നല്‍കികൊണ്ട് കാസര്‍കോട് ജില്ലാ പഞ്ചായത്തിന് 56 ലക്ഷം രൂപയുടെ മിച്ച ബജറ്റ്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പാണ് ബജറ്റ് അവതരിപ്പിച്ചത്. മുന്‍ബാക്കിയടക്കം  223.75 കോടി രൂപയുടെ പ്രതീക്ഷിത വരവും  223.19 കോടി രൂപയുടെ പ്രതീക്ഷിത  ചെലവുമുള്‍പ്പെടെ 56 ലക്ഷം രൂപ നീക്കിയിരുപ്പ് പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.  ബജറ്റില്‍ കാര്‍ഷികമേഖലയില്‍ സമഗ്രമായ പദ്ധതികളാവിഷ്‌കരിക്കുന്നതിനായി 5.2 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പൊതുജനാരോഗ്യസംവിധാനം ലക്ഷ്യം വെച്ചുകൊണ്ട് ആരോഗ്യമേഖലയില്‍ 3.71 കോടി രൂപയും വിദ്യാഭ്യാസ ഗുണനിലവാരം വര്‍ധിപ്പിക്കാനായി 4.23  കോടിയും ഗതാഗതരംഗത്തെ സമൂലമായ വികസനത്തിനായി 33.2 കോടിയും വകയിരുത്തിയിട്ടുണ്ട്. ഭവനരഹിതജില്ല എന്ന ലക്ഷ്യത്തിനായി ഒമ്പത്  
കോടിയും പട്ടികജാതിപട്ടികവര്‍ഗ ക്ഷേമത്തിനായി 2.77 കോടിയും വ്യവസായത്തിനായി 2.52 കോടി, ജലസാക്ഷരതാ, മണ്ണ് സംരക്ഷണം, ചെറുകിട ജലസേചനം തുടങ്ങിയവയ്ക്കായി 2.7 കോടി, വനിതാശിശുക്ഷേമത്തിനായി 3.5 കോടി, കല, സംസ്‌കാരം, സ്‌പോര്‍ട്‌സ് ക്ഷേമത്തിനായി 85 ലക്ഷം, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി 60 ലക്ഷം, ജില്ലാ പഞ്ചായത്തിന്റെയും ഘടകസ്ഥാപനങ്ങളുടെയും ആധുനികവല്‍ക്കരണത്തിനായി 2.85 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. 
ജില്ലയുടെ  നെല്‍ക്കൃഷിക്ക് പുത്തനുണര്‍വ്വ് നല്‍കുന്നതിനായി ഒരു കോടിയോളം രൂപ  നീക്കിവെച്ചിട്ടുണ്ട്. തരിശുരഹിത  ജില്ല, നാടന്‍ നെല്‍വിത്തുകളുടെ സംരക്ഷണം തുടങ്ങിയവ ലക്ഷ്യമിട്ട് കൊണ്ടുളള പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. ചെറുകിട ജലസേചന പദ്ധതികള്‍ക്കായി ഒരു കോടി രൂപയോളം വകയിരുത്തിയിട്ടുണ്ട്.  ജില്ലയിലെ കാര്‍ഷിക മേഖലയ്ക്കും വരള്‍ച്ചയ്ക്കും വലിയൊരളവില്‍ ഇത് ആശ്വാസമാകും. ഉപയോഗയോഗ്യമായ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുളള വസ്തുക്കള്‍ സമൂഹത്തിലെ അവശവിഭാഗങ്ങളുടെ കൈകളിലെത്തിക്കാന്‍ സ്ഥിരം സ്വാപ്‌ഷോപ്പ് ഒരുക്കും. വികലാംഗ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഇന്‍ക്ലൂസീവ് കലോത്സവം നടത്തും. സ്‌കൂളുകളിലെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ സര്‍വ്വീസിംഗ് നടത്തുന്നതിനായി മികച്ച സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി മൊബൈല്‍ ഹാര്‍ഡ്വെയര്‍ ക്ലിനിക് സ്ഥാപിക്കും. കായികമേഖലയില്‍ മികവ് തെളിയിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊളളിച്ചുകൊണ്ട് കുതിപ്പ് - വിഷന്‍ 2030, ഭവനരഹിതരില്ലാത്ത ജില്ലയാക്കാന്‍ പി എം എ വൈ പദ്ധതിയുമായി കൈകോര്‍ത്ത് 2000 ഓളം ഭവനങ്ങളുടെ നിര്‍മ്മാണം ലക്ഷ്യമിട്ട് ഒമ്പത് കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ജില്ലയില്‍ പ്രവാസികളുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്‍വെസ്റ്റേഴ്‌സ് മീറ്റ്, പുഴകളുടെ അതിജീവനത്തിനായി ഇനിയും പുഴയൊഴുകും എന്നീ പദ്ധതികളും നടപ്പാക്കും. സാഹിത്യ-സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനിന്ന മഹാപ്രതിഭകളായ വിദ്വാന്‍ പി കേളുനായര്‍, കയ്യാര്‍ കിഞ്ഞണ്ണറൈ എന്നിവരുടെ സംഭാവനകള്‍ വരും തലമുറകള്‍ക്ക് പകര്‍ന്നു നല്‍കാന്‍ മലയാളം, കന്നട ഭാഷാപഠനകേന്ദ്രങ്ങളൊരുക്കാനും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അപകട ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്താനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ ഹര്‍ഷാദ് വൊര്‍ക്കാടി, അഡ്വ. എ പി ഉഷ, ഫരീദ സക്കീര്‍ അഹമ്മദ്, സുഫൈജ ടീച്ചര്‍, അംഗങ്ങളായ അഡ്വ. കെ ശ്രീകാന്ത്, ഇ പത്മാവതി, ജോസ് പതാലില്‍, കെ കേളുപണിക്കര്‍, എം നാരായണന്‍, മുംതാസ് സമീറ, ഷാനവാസ് പാദൂര്‍, പി സി സുബൈദ, പി വി പത്മജ, പുഷ്പ അമേക്കള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം ഗൗരി, എ കെ എം അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

key words; dist-panchayth-budjet

Post a Comment

0 Comments

Top Post Ad

Below Post Ad