കണ്ണൂര്‍ : (www.evisionnews.in) രാം മനോഹര്‍ ലോഹ്യ ആശുപത്രി അധികൃതര്‍ ഇ.അഹമ്മദ് എംപിയോടു കാണിച്ചതു ക്രൂരതയാണെന്നു മകള്‍ ഡോ. ഫൗസിയ ഷെര്‍സാദ്. തന്റെ പിതാവിനോടു ചെയ്തതിനെ പറ്റി ആശുപത്രി അധികൃതരുടെ വിശദീകരണം അനിവാര്യമാണെന്നും മകള്‍ ഡോ. ഫൗസിയ ഷെര്‍സാദ് ആവശ്യപ്പെട്ടു. കണ്ണൂര്‍ താണയിലെ വീട്ടില്‍ മാധ്യമങ്ങള്‍ക്കു മുന്‍പിലാണ് ആവശ്യം ഉന്നയിച്ചത്. സഹോദരങ്ങളായ നസീര്‍, റയീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ആശുപത്രി അധികൃതര്‍ ഇ. അഹമ്മദിനോട് കാണിച്ചത് ക്രൂരമായ ശാരീരിക അതിക്രമമാണ്. മരിച്ച അഹമ്മദിന്റെ ശരീരത്തില്‍ മണിക്കൂറുകളോളം യന്ത്രങ്ങള്‍ ഘടിപ്പിച്ചത് എന്തിനെന്ന് അറിയില്ല. കാലുപിടിച്ച് അപേക്ഷിച്ചിട്ടും കുടുംബക്കാരോട് ആരോഗ്യനില വിശദീകരിക്കാന്‍ ഡോക്ടര്‍മാര്‍ തയാറായില്ലെന്നും ഡോ. ഫൗസിയ ഷെര്‍സാദ് കുറ്റപ്പെടുത്തി.
ബജറ്റ് അവതരണം സുഗമമായി നടത്താന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഇ.അഹമ്മദിന്റെ മരണവിവരം ഒളിച്ചുവച്ചുവെന്നായിരുന്നു ഉയര്‍ന്ന ആരോപണം. കുടുംബാംഗങ്ങളും പിന്നീട് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ളവരും എംപിമാരും വന്നിട്ടും അഹമ്മദിനെ മക്കള്‍ക്കുപോലും കാട്ടിക്കൊടുത്തിരുന്നില്ല. വിശ്വാസപരമായ കാര്യങ്ങള്‍ പോലും നിഷേധിച്ചു. അഹമ്മദിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൃത്യമായി അറിയിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്.
Post a Comment
0 Comments