ന്യൂഡല്‍ഹി : (www.evisionnews.in) മൂന്നുലക്ഷം രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ക്ക് പണം ഉപയോഗിച്ചാല്‍ 100 ശതമാനം പിഴചുമത്തുമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ തീരുമാനം നിലവില്‍ വരും. പണത്തിന്റെ ക്രയവിക്രയം കുറയ്ക്കുന്നതിനൊപ്പം കള്ളപ്പണത്തിന്റെ ഉറവിടം തടയുന്നതിനുവേണ്ടിയാണ് നടപടി. വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റവന്യൂ സെക്രട്ടറി ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്നു ലക്ഷം രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന കാര്യം ബജറ്റില്‍ നിര്‍ദേശിച്ചിരുന്നു. പണം സ്വീകരിക്കുന്ന ആളാണ് പിഴ നല്‍കേണ്ടത്. 'നാലു ലക്ഷം രൂപയുടെ ഇടപാട് നേരിട്ട് പണത്തിലൂടെ നടത്തുകയാണെങ്കില്‍ നാലു ലക്ഷം രൂപ പിഴ നല്‍കണം. ഇനി നിങ്ങള്‍ 50 ലക്ഷം രൂപയുടെ ഇടപാടാണ് പണത്തിലൂടെ നടത്തുന്നതെങ്കില്‍ പിഴ നല്‍കേണ്ടത് 50 ലക്ഷം രൂപയാണ്' ആദിയ വ്യക്തമാക്കി.
മൂന്നു ലക്ഷത്തിനു മുകളിലുള്ള ഒരു കച്ചവടം നടന്നാല്‍ ഇത്രയും തുക പണമായി വാങ്ങിയാല്‍ കച്ചവടക്കാരന്‍ പിഴ അടയ്ക്കണം. അതിനാല്‍, മറ്റുമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കച്ചവടക്കാര്‍ നിര്‍ബന്ധിതരാകും. ഇങ്ങനെ കൂടുതല്‍ തുകയ്ക്കുള്ള ഇടപാടുകളില്‍ പണം ഉപയോഗിക്കുന്നത് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും റവന്യൂ സെക്രട്ടറി പറഞ്ഞു. നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ വലിയ തുകയുടെ കള്ളപ്പണം ബാങ്കില്‍ എത്തിക്കാന്‍ സാധിച്ചു. പുതിയ നീക്കത്തിലൂടെ ഇത്തരം പണത്തിന്റെ ഉല്‍ഭവം തടയാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പരിഷ്‌കാരം സര്‍ക്കാരിനെയോ ബാങ്കുകളെയോ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെയോ സഹകരണ ബാങ്കുകളെയോ ബാധിക്കില്ലെന്നും റവന്യൂ സെക്രട്ടറി അറിയിച്ചു.
Post a Comment
0 Comments