ബെള്ളൂര്‍ (www.evisionnews.in): ഏഷ്യന്‍ ജൂനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കിന്നിംഗാറിലെ യഷ്മിതയെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ വീട്ടിലെത്തി അനുമോദിച്ചു. ബെള്ളൂര്‍ മീത്തജെലിലെ വീട്ടിലെത്തിലേക്ക് സമ്മാനപ്പൊതിയുമായാണ് ദേശീയ ടീം അംഗമായ താരപ്രതിഭയെ അനുമോദിക്കാന്‍ എംഎല്‍എ എത്തിയത്. മറാട്ടി പട്ടിക ഗോത്രവര്‍ഗ വിഭാഗത്തില്‍പെട്ട യഷ്മിതയുടെ കുടുംബത്തിന് വീട് അനുവദിക്കാന്‍ മന്ത്രിയോട് ആവശ്യപ്പെടുമെന്നും എം.എല്‍.എ പറഞ്ഞു.
അഗല്‍പ്പാടി എസ്.എ.പി.എച്ച്.എസ്.എസിലെ സയന്‍സ് വിഭാഗം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ യഷ്മിത ത്രോബോളില്‍ ജില്ലാ- സംസ്ഥാന- ദേശീയ മത്സരങ്ങളില്‍ മികച്ച വിജയം നേടിയാണ് ഇന്ത്യന്‍ ടീമില്‍ ഇടംനേടിയത്. ഇന്ത്യയില്‍ നിന്ന് 20 അംഗ പെണ്‍കുട്ടികളുടെ സംഘമാണ് മലേഷ്യയിലെ കോലാലംപൂരില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. ബെളളൂര്‍ മീത്തജെലിലെ കര്‍ഷകനായ സുബ്ബണ്ണ നായിക്കിന്റെയും സുമതിയുടെയും മകളാണ് യഷ്മിത.

Post a Comment
0 Comments