ഉഡുപ്പി (www.evisionnews.in): യുവാവിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ എട്ടു പ്രതികള്‍ പിടിയില്‍. യര്‍ലപ്പാടിയിലെ പ്രസാദ് (23), കൃഷ്ണാപുരയിലെ ദയാനന്ദ് (37), ഉഡുപ്പിയിലെ വില്‍ഫ്രഡ് അര്‍ത്തൂര്‍ (40), ഹിരിയട്ക്കയിലെ ജയന്ത്‌പൈ (55), പെര്‍ണാങ്കിലയിലെ കൃഷ്ണ (33), രമേഷ് (35), പ്രകാശ് (38), മര്‍ണെയിലെ മഹേഷ് ആചാരി (23) എന്നിവരാണ് അറസ്റ്റിലായത്. പര്‍ക്കള സന്നക്കിബെട്ടുവിലെ സന്തോഷ് നായക്കിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ജയന്ത് പൈ മറ്റൊരു കേസില്‍ പ്രതിയായി റിമാന്റിലാണ്.
കഴിഞ്ഞ മാസം രണ്ടിനു സന്തോഷിനെ കാണാതായിരുന്നു. തുടര്‍ന്നു വര്‍വാടി പ്രവീണ്‍ കുലാലും സംഘവും ചേര്‍ന്നു സന്തോഷിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നു സംശയിക്കുന്നതായി ഭാര്യ സുമിത്ര നായിക് ഹിരിയട്ക്ക് പോലീസില്‍ പരാതി നല്‍കി. കേസിലെ പ്രതികളായ നിത്യാന്ദ് നായക്, ജയന്ത് പൈ, വില്‍ഫ്രഡ് അത്തൂര്‍ എന്നിവരില്‍ നിന്നായി സന്തോഷ് ആറുവര്‍ഷം മുമ്പ് 40 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇതുതിരികെ നല്‍കിയില്ല. തുടര്‍ന്ന് പണംതിരികെ വാങ്ങുന്നതിനായി ക്രിമിനല്‍ സംഘാംഗമായ പ്രവീണ്‍ കുലാലിന് ക്വട്ടേഷന്‍ നല്‍കി.
പ്രവീണും സംഘവും സന്തോഷിനെ തട്ടിക്കൊണ്ടു വന്ന് വര്‍വാഡിയിലെത്തിച്ച് പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് മര്‍ദിക്കുകയും ഇതേതുടര്‍ന്നു സന്തോഷ് മരിക്കുകയുമായിരുന്നു. സന്തോഷ് മരിച്ച ദിവസം രാത്രി പ്രവീണും സംഘവും സന്തോഷ് നായക്കിന്റെ വീട്ടില്‍ അതിക്രമിച്ചു കടന്ന് പണത്തിനായി പൂജാമുറിയുടെ നിലം കിളച്ച് ഉള്‍പ്പെടെ തിരച്ചില്‍ നടത്തി. പണം കിട്ടാതെ വന്നതോടെ സന്തോഷിന്റെ ഭാര്യ സുമിത്ര, അമ്മ രത്നാവതി നായക്, സഹോദരന്‍ വിദ്യാധര്‍, സഹോദരി ശോഭ, കുട്ടികള്‍ എന്നിവരെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റി വര്‍ക്കാടിയിലെത്തിച്ച് ഭീഷണിപ്പെടുത്തി. ഇവരുടെ ആഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം തിരികെ സനക്കിബെട്ടുവിലെത്തിച്ച് ഇറക്കി വിട്ടു.
തുടര്‍ന്നു രാത്രി തന്നെ സന്തോഷിന്റെ മൃതദേഹം മുറിച്ച് കഷണങ്ങളാക്കി ചാക്കില്‍ കെട്ടി പെര്‍ണാങ്കിലയില്‍ വനത്തിനകത്തുള്ള കിണറില്‍ തള്ളി. തെളിവു നശിപ്പിക്കുന്നതിനായി ഇതിനു സമീപം ഒരു പശുക്കിടാവിനെ കത്തിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

Post a Comment
0 Comments