കാസര്‍കോട് (www.evisionnews.in): കാസര്‍കോട്ട് മൊബൈല്‍ ഫോണ്‍ ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി.
ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിനെ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് പിടികൂടി സുരക്ഷിതമായി താഴെ ഇറക്കി. മായിപ്പാടി സ്വദേശിയായ അബ്ദുല്ലയെയാ(21)ണ് ഇന്നു രാവിലെ കാസര്‍കോട് റെയില്‍വെ സ്റ്റേഷനുമുന്‍വശത്തെ കെട്ടിടത്തിനു മുകളില്‍ സ്ഥാപിച്ചിട്ടുള്ള കൂറ്റന്‍ ടവറില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. യുവാവ് ടവറിനു മുകളിലേയ്ക്കു കയറിപോകുന്നതുകണ്ടവര്‍ റെയില്‍വെ പോലീസിനെയും കാസര്‍കോട് പോലീസിനെയും വിവരം അറിയിച്ചു.
പോലീസും ഫയര്‍ഫോഴ്‌സുമെത്തി അബ്ദുല്ലയോട് താഴെ ഇറങ്ങാന്‍ അഭ്യര്‍ത്ഥിച്ചു. ആ സമയത്ത് യുവാവ് താഴേയ്ക്കു ചാടാന്‍ ശ്രമിച്ചു. ഉദ്വേഗങ്ങള്‍ക്കിടയില്‍ ഫയര്‍ഫോഴ്‌സ് ടവറില്‍ കയറി. അബ്ദുല്ല താഴേയ്ക്കു ചാടുകയാണെങ്കില്‍ അപകടം ഉണ്ടാകാതിരിക്കുവാന്‍ വലയടക്കമുള്ള സാമഗ്രികളും സജ്ജീകരിച്ചിരുന്നു. ഒടുവില്‍ ഫയര്‍ഫോഴ്‌സ് അബ്ദുല്ലയെ പിടികൂടി താഴെയിറക്കി അഡീഷണല്‍ എസ്.ഐ. അമ്പാടിക്കു കൈമാറി. വിവരം അബ്ദുല്ലയുടെ വീട്ടുകാരെ അറിയിച്ചതായി പോലീസ് പറഞ്ഞു.

Post a Comment
0 Comments