കാസര്‍കോട് (www.evisionnews.in): ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതില്‍ വിരോധമില്ലെന്നും എന്നാല്‍ തൊട്ടുരുമ്മിയുള്ള സെല്‍ഫി പെണ്‍കുട്ടികളുടെ സദാചാരബോധത്തിന് ചേര്‍ന്നതല്ലെന്നും ഗാനഗന്ധര്‍വന്‍ യേശുദാസ്. നേരത്തെ പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നത് വിലക്കിയ യേശുദാസ് ഇപ്പോള്‍ സെല്‍ഫിയെടുക്കലിനെ വിമര്‍ശിച്ചാണ് രംഗത്തുവന്നിരിക്കുന്നത്. ഒരു പ്രമുഖ മലയാള പത്രത്തിലെ ലേഖനത്തിലാണ് യേശുദാസിന്റെ പരാമര്‍ശം.
'സെല്‍ഫി വന്നതോടെ തൊട്ടുരുമ്മി നിന്ന് ഫോട്ടോയെടുക്കണം. അതുപറ്റില്ലെന്ന് ആണിനെയും പെണ്ണിനെയും ഞാന്‍ വിലക്കി. ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതില്‍ വിരോധമില്ല. ദേഹത്തുരസിയുള്ള സെല്‍ഫി വേണ്ട.' യേശുദാസ് പറയുന്നു. പെണ്‍കുട്ടികള്‍ തന്നെപ്പോലുള്ളവരെ കാണുമ്പോള്‍ ഒപ്പം നിന്ന് ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കുന്നതു തന്നെ മോശമാണ് എന്നാണ് പരോക്ഷമായി യേശുദാസ് പറയുന്നത്. 'എണ്‍പതുകള്‍ക്കു മുമ്പ് ഒരു പെണ്‍കുട്ടി വന്ന് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കാറില്ല. അതായിരുന്നു അടക്കവും ഒതുക്കവും. ഇത് കുറ്റപ്പെടുത്തലല്ല. ' ഇത് എന്റെ ഭാര്യ, മകള്‍' എന്ന് പരിചയപ്പെടുത്തിയാല്‍ തന്നെയും അവര്‍ അകലം പാലിക്കുമായിരുന്നു. ഇന്ന് അങ്ങനെയല്ലെന്നും അദ്ദേഹം പറയുന്നു.
നേരത്തെ പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതിനെ യേശുദാസ് ശക്തമായി വിമര്‍ശിച്ചിരുന്നു. ജീന്‍സ് പോലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ആകര്‍ഷണ ശക്തികൊടുത്ത് മറ്റുള്ളവരെ വേണ്ടാധീനം ചെയ്യിക്കാന്‍ ശ്രമിക്കരുതെന്നായിരുന്നു യേശുദാസിന്റെ പരാമര്‍ശം. സൗമ്യതയാണ് സ്ത്രീകളുടെ ആകര്‍ഷണമെന്നും യേശുദാസ് പറഞ്ഞിരുന്നു. 2014ല്‍ സ്വാതി തിരുനാള്‍ സംഗീത കോളജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയായിരുന്നു യേശുദാസിന്റെ പരാമര്‍ശം. ഇത് സോഷ്യല്‍മീഡിയയിലടക്കം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Post a Comment
0 Comments