Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രി സ്വരം കടുപ്പിച്ചു; ഐ.എ.എസുകാര്‍ സമരം പിന്‍വലിച്ചു

തിരുവനന്തപുരം (www.evisionnews.in): കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നടപടി ശരിയല്ലെന്നും സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താന്‍ നോക്കേണ്ട; വഴങ്ങില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് കടുപ്പിച്ചതോടെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങി. 

ഭരണരംഗത്ത് അസാധാരണ സ്ഥിതിവിശേഷം സൃഷ്ടിച്ചുകൊണ്ടാണ് ഐ.എ.എസുകാര്‍ ഇന്ന് കൂട്ട അവധിയെടുത്ത് സമരത്തിന് നീക്കം നടത്തിയത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉന്നത സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരെ വേട്ടയാടുന്നുവെന്നാരോപിച്ചായിരുന്നു ഐ.എ.എസ് ഉദ്യോഗസ്ഥരുടെ അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് കൂട്ട അവധിയെടുക്കാന്‍ തീരുമാനിച്ചത്. പ്രതിഷേധം അറിയിക്കാനായി ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. സമരത്തെ സര്‍ക്കാര്‍ അതീവ ഗൗരവമായാണ് കാണുന്നതെന്നും സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താന്‍ നോക്കേണ്ടെന്നും ഐ.എ.എസുകാരോട് മുഖ്യമന്ത്രി കടുപ്പിച്ച് പറഞ്ഞു. സര്‍ക്കാറിനെതിരെയുള്ള നീക്കമല്ലെന്നും ആശങ്കയുടെ ഭാഗമായാണ് അങ്ങനെയൊരു നിലപാടെടുക്കേണ്ടിവന്നതെന്നും ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സര്‍ക്കാറിന്റെ നിലപാട് എന്താണെന്ന് ഒന്നുകൂടി മുഖ്യമന്ത്രി ഉറപ്പിച്ചുപറഞ്ഞു. 

വിജിലന്‍സ് അന്വേഷണങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആദ്യമായല്ല വരുന്നത്. വികാരം സ്വാഭാവികമാണ്. എന്നാല്‍ വികാരവും നടപടിയും രണ്ടും രണ്ടാണ്. സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താന്‍ നോക്കേണ്ട. അതിന് വഴങ്ങില്ല. അവധിയെടുത്തുള്ള ഐ.എ.എസുകാരുടെ സമരം അംഗീകരിക്കാനാകില്ല. ഭരണം നിയന്ത്രിക്കുന്നവര്‍ തന്നെ പ്രതിഷേധിക്കരുത്. ഇക്കാര്യം ചര്‍ച്ചക്കുവന്ന ഉദ്യോഗസ്ഥരെ അറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജേക്കബ് തോമസിനെതിരെയുള്ള ആരോപണങ്ങള്‍ അദ്ദേഹം വിജിലന്‍സ് ഡയറക്ടര്‍ ആവുന്നതിന് മുമ്പുള്ളതാണെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad