കാസര്‍കോട് (www.evisionnews.in): ഐ.പി.എല്ലിനൊരുങ്ങുന്ന റൈസിംഗ് പൂനെയുടെ പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ ഉളുവാര്‍ സ്വദേശിക്കും അവസരം. ഉളുവാറിലെ യു.എ മുഹമ്മദ് ഇഖ്ബാലിനാണ് എം.എസ് ധോണി നായകനായ റൈസിംഗ് പൂനെയുടെ പരിശീലന ക്യാമ്പിലേക്ക് അവസരം ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഗുജറാത്ത് ബറോഡ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബറോഡയില്‍ നടന്ന പരിശീലന ക്യാമ്പിലാണ് ഇഖ്ബാലിനെ അംഗീകാരം തേടിയെത്തിയത്.
ലെഫ്റ്റ് ആം ഫാസ്റ്റ് ബോളറായ ഇഖ്ബാലിന്റെ കളി മികവ് കണ്ട് പൂനെ കോച്ച് സോമി ബിന്‍ഡറാണ് പൂനെയുടെ പരിശീലന ക്യാമ്പിലേക്ക് തെരഞ്ഞെടുത്തത്. ബറോഡയില്‍ നടന്ന ക്യാമ്പില്‍ വെച്ച് ഇഖ്ബാലിന് മാത്രമാണ് ഈ അവസരം ലഭിച്ചത്. മാര്‍ച്ച് ആദ്യവാരം ആരംഭിക്കുന്ന ഐ.പി.എല്ലിന് മുന്നോടിയായി അടുത്ത മാസം നടക്കുന്ന പൂനെയുടെ പരിശീലന ക്യാമ്പില്‍ ധോണി, ഡൂപ്ലെസിസ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്ക് പന്തെറിയാന്‍ ഇഖ്ബാല്‍ ഉണ്ടാകും. ഇവിടെ മികച്ച പ്രകടനം കാഴ്ച വെച്ചാല്‍ പൂനെയുടെ ഐ.പി.എല്‍. ടീമിലും ഇഖ്ബാലിന് അവസരം ലഭിക്കും. ആ ഒരു നിമിഷത്തെ പ്രതീക്ഷിച്ചിരിക്കുകയാണ് ഇഖ്ബാലിന്റെ സുഹൃത്തുക്കളും നാട്ടുകാരും. അമിഗോസ് ഉളുവാറിന്റെ താരമായ ഇഖ്ബാല്‍ ശ്രീലങ്കയിലേത് ഉള്‍പ്പെടെ പ്രമുഖ ക്ലബ്ബുകള്‍ക്ക് വേണ്ടി ജേഴ്സി അണിഞ്ഞിട്ടുണ്ട്. ഉളുവാറിലെ അബൂബക്കര്‍-ആയിഷ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഇഖ്ബാല്‍.

Post a Comment
0 Comments