ന്യൂഡല്‍ഹി:(www.evisionnews.in) ഹോട്ടലുകളില്‍ സേവന നികുതിക്കു പുറമെ 'സര്‍വീസ് ചാര്‍ജ്' എന്ന പേരില്‍ ഈടാക്കുന്ന പണം ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍. ഹോട്ടലില്‍ നിന്ന് ലഭിക്കുന്ന സേവനത്തില്‍ ഉപഭോക്താവ് തൃപ്തനല്ലെങ്കില്‍ സര്‍വീസ് ചാര്‍ജ് നിഷേധിക്കാമെന്നാണ് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ ഹോട്ടലുകളിലും ഉപഭോക്താക്കള്‍ക്ക് കാണാവുന്ന തരത്തില്‍ അറിയിപ്പ് സ്ഥാപിക്കാന്‍ ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
മിക്ക ഹോട്ടലുകളും ഉപഭോക്താക്കളില്‍നിന്ന് നിര്‍ബന്ധിതമായി സര്‍വീസ് ചാര്‍ജ് വാങ്ങുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്. ഹോട്ടലിലെ ജീവനക്കാര്‍ക്ക് അവരുടെ സേവനം ഇഷ്ടപ്പെട്ടാല്‍ ഉപഭോക്താക്കള്‍ 'ടിപ്പ്' നല്‍കുന്നത് പതിവാണെങ്കിലും ഇത് ബില്ലിനൊപ്പം ചേര്‍ക്കുന്നതോടെ പണം നല്‍കാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാകുന്നതായാണ് പരാതി. സേവന നികുതി എന്ന പേരില്‍ വാങ്ങുന്ന പണത്തിനു പുറമെയാണ് ഹോട്ടലുകള്‍ 'സര്‍വീസ് ചാര്‍ജ്' എന്ന പേരില്‍ ബില്ലിന്റെ അഞ്ചു മുതല്‍ 20 ശതമാനം വരെ ഈടാക്കുന്നത്. 'സര്‍വീസ് ചാര്‍ജ്' നല്‍കുന്നതിന് പുറമെ ജീവനക്കാര്‍ക്ക് 'ടിപ്പ്' നല്‍കുന്ന ഉപഭോക്താക്കളും കുറവല്ല.
ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ പെരുകിയതോടെ ഉപഭോക്തൃകാര്യ വകുപ്പ് ഹോട്ടല്‍ ഉടമകളുടെ അസോസിയേഷനോട് വിശദീകരണം തേടിയിരുന്നു. ഇവര്‍ നല്‍കിയ മറുപടിയിലാണ് ഉപഭോക്താക്കള്‍ തൃപ്തരാണെങ്കില്‍ മാത്രം 'സര്‍വീസ് ചാര്‍ജ്' നല്‍കിയാല്‍ മതിയെന്ന് അറിയിച്ചത്.

Post a Comment
0 Comments