Type Here to Get Search Results !

Bottom Ad

സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില; കുമ്പളയില്‍ സ്‌കൂള്‍ ഗ്രൗണ്ട് കയ്യേറി എക്സ്പോ പ്രദര്‍ശനം


കുമ്പള (www.evisionnews.in): സ്‌കൂള്‍ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളും വസ്തുക്കളും വിദ്യാഭ്യാസ പരമായ ആവശ്യങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കുവാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തി കുമ്പള സര്‍ക്കാര്‍ സ്‌കൂള്‍ മൈതാനം കയ്യേറി എക്സ്പോ പ്രദര്‍ശനം നടത്തുന്നത് വിവാദമാകുന്നു. കലാ-കായിക വിദ്യാഭ്യാസത്തിന് ഈ വര്‍ഷം പരീക്ഷ ഏര്‍പ്പെടുത്തിയിരിക്കെയാണ് കുമ്പളയില്‍ സ്‌കൂള്‍ മൈതാനം കയ്യേറി പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. രണ്ട് മാസം നീണ്ടുനില്‍ക്കുന്ന എക്സ്പോ കാരണം കുട്ടികളുടെ കായികാഭ്യാസത്തിനുള്ള അവസരം നഷ്ടമാകും. 

സ്‌കൂള്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ മൈതാനം അനുവദിക്കരുതെന്ന കര്‍ശനമായ സര്‍ക്കാര്‍ ഉത്തരവാണ് ഇവിടെ ലംഘിക്കപ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. ഉപജില്ല കായിക മേളയില്‍ ചാമ്പ്യന്മാരാണ് കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. എക്സ്പോയോടനുബന്ധിച്ച് മൈതാനത്തിന്റെ ഒരു ഭാഗത്ത് കുടില്‍കെട്ടി താമസം തുടങ്ങിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ സ്‌കൂള്‍ പരിസരവും ചുറ്റുമതിലിനകത്തും മലമൂത്ര വിസര്‍ജ്ജനം നടത്തി വൃത്തികേടാക്കുന്നതായും പരാതിയുണ്ട്. 

കഴിഞ്ഞ വര്‍ഷം ഇതേ ഗ്രൗണ്ടില്‍ നടത്തിയ എക്സ്പോയിക്കിടെ നാട്ടുകാരും എക്സ്പോ ജീവനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സ്‌കൂളിന്റെ ജനല്‍ വാതിലുകളും കുടിവെള്ള ടാപ്പുകളും തകര്‍ത്ത് സ്‌കൂളിന് വന്‍ സാമ്പത്തിക നഷ്ടം വരുത്തിയാണ് എക്സ്പോ സംഘം സ്ഥലം വിട്ടത്. ഗ്രൗണ്ട് കൈയ്യേറി എക്സ്പോ പ്രദര്‍ശനം നടത്തുന്നതിനെതിരെ സ്‌കൂള്‍ അധികൃതരും രംഗത്ത് വന്നിട്ടുണ്ട്. കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധികൃതര്‍ ഡി.ഡി.ഇ, കുമ്പള പോലീസ് തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad