കോഴിക്കോട് (www.evisionnews.in): ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്ര മന്ത്രിയായേക്കുമെന്ന് സൂചന. മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ ദേശീയ ജനറല്‍ സെക്രട്ടറി അല്ലെങ്കില്‍ വൈസ് പ്രസിഡണ്ട് പദവിയിലേക്കും പരിഗണിക്കപ്പെടുന്നുണ്ട്. നിലവില്‍ പ്രഖ്യാപിച്ച നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കു ശേഷമാകും പുതിയ പദവികളെന്നാണ് വിവരം. കേന്ദ്രമന്ത്രി സ്ഥാനത്തേക്കു മുരളിയുടെ പേരും പരിഗണനയിലുണ്ട്. കൂടുതല്‍ സാധ്യത കുമ്മനത്തിനാകുമെന്നാണ് ബി.ജെ.പി നേതാക്കള്‍ നല്‍കുന്ന സൂചന.
സംസ്ഥാന പ്രസിഡണ്ട് പദവിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ കുമ്മനത്തെ കേന്ദ്ര നേതൃത്വത്തിലേക്ക് മാറ്റുമ്പോള്‍ സംസ്ഥാന ബി.ജെ.പിയില്‍ പുനഃസംഘടനയും നടക്കും. സുരേഷ് ഗോപി, പി.കെ കൃഷ്ണദാസ്, കെ.സുരേന്ദ്രന്‍, കെ.പി. ശ്രീശന്‍, പി.എസ്. ശ്രീധരന്‍പിള്ള എന്നിവരുടെ പേരുകള്‍ സംസ്ഥാന നേതൃത്വത്തില്‍ പരിഗണിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയായിട്ടില്ലെന്നാണ് അറിയുന്നത്.
ഇതിനിടെ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരില്‍ കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തി അറിയിച്ചു. ഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ കുമ്മനത്തെ പ്രസിഡന്റാക്കിയെങ്കിലും പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് കൃഷ്ണദാസ് വിഭാഗമാണെന്ന ആക്ഷേപമാണ് മുരളി വിഭാഗത്തിനുള്ളത്. പി.കെ. കൃഷ്ണദാസ്, എ.എന്‍ രാധാകൃഷ്ണന്‍, എം.ടി. രമേശ് എന്നിവരുടെ നിയന്ത്രണത്തിലാണ് പാര്‍ട്ടിയെന്നും സംസ്ഥാന പ്രസിഡന്റിനെ പോലും മറികടന്ന് ഇവര്‍ തീരുമാനം എടുക്കുന്നുവെന്നുമാണ് ആക്ഷേപം. പാര്‍ട്ടിയുടെ പരിപാടികള്‍ അവഗണിച്ചു മുരളി വിഭാഗം സ്വന്തമായി പ്രവര്‍ത്തിക്കുന്നു എന്നു കൃഷ്ണദാസ് വിഭാഗവും ആരോപിക്കുന്നു.

Post a Comment
0 Comments