Type Here to Get Search Results !

Bottom Ad

ആഭ്യന്തര വകുപ്പ്‌ ഭരിക്കുന്നത്‌ യുവമോര്‍ച്ചയാണോ എന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കണം:യൂത്ത്‌ ലീഗ്‌

കോഴിക്കോട്‌ :(www.evisionnews.in) ദേശീയ ഗാനത്തെ അവഹേളിച്ചുവെന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്റെ പരാതിയെ തുടര്‍ന്ന്‌ എഴുത്തുകാരന്‍ കമല്‍. സി ചവറയെ അറസ്റ്റ്‌ ചെയ്‌ത പോലീസ്‌ നടപടിയെ സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ മുസ്‌ലിം യൂത്ത്‌ ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഐ.പി.സി 124എ പ്രകാരമാണ്‌ പോലീസ്‌ കേസെടുത്തത്‌ എന്നാണ്‌ അറിയാന്‍ സാധിക്കുന്നത്‌. ഈ വകുപ്പ്‌ ഇത്തരം കേസുകളില്‍ നിലനില്‍ക്കുന്നതല്ലെന്ന്‌ നിരവധി കോടതി വിധികളിലൂടെ വ്യക്തമായതാണ്‌. ദേശീയഗാനത്തെ അപമാനിച്ചുവെന്ന പരാതി ശരിയാണെങ്കില്‍ തന്നെ 1971ല്‍ പാര്‍ലമെന്റ്‌ പാസാക്കിയ പ്രത്യേക ആക്‌ട്‌ ഉപയോഗിച്ച്‌ മാത്രമേ കേസെടുക്കാന്‍ നിവൃത്തിയുള്ളൂ. ഈ വകുപ്പ്‌ പ്രകാരം ഒരാള്‍ കുറ്റം ചെയ്‌താല്‍ പരമാവധി ലഭിക്കാവുന്ന ശിക്ഷ മൂന്ന്‌ വര്‍ഷമാണ്‌. എന്നാല്‍ ഏഴ്‌ വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ അറസ്റ്റ്‌ പാടില്ലെന്നും, നോട്ടീസ്‌ നല്‍കി പ്രതിയോട്‌ ഹാജരാവാന്‍ ആവശ്യപ്പെടാന്‍ മത്രമേ പാടുള്ളൂവെന്നും സുപ്രീം കോടതിയുടെ നിര്‍ദ്ദേശമുണ്ട്‌. സുപ്രീംകോടതിയുടെ വിധിന്യായത്തെ കാറ്റില്‍ പറത്തിയാണ്‌ കമല്‍ സി ചവറയെ മണിക്കൂറുകളോളം പോലീസ്‌ പീഢിപ്പിച്ചത്‌. ആഭ്യന്തര വകുപ്പ്‌ ഭരിക്കുന്നത്‌ യുവമോര്‍ച്ചയാണോ അതോ സി.പി.എമ്മാണോയെന്ന്‌ പാര്‍ട്ടി നേതൃത്വം വ്യക്തമാക്കണം. 
ദേശീയതയെ സംബന്ധിച്ച്‌ ബി.ജെ.പിയുടെയും സംഘ്‌പരിവാരിന്റെയും കാഴ്‌ചപ്പാടാണോ സി.പി.എമ്മിനുള്ളതെന്നും പാര്‍ട്ടി വ്യക്തമാക്കണം.

ദേശീയഗാനത്തെ അപമാനിച്ച്‌ സംസാരിച്ച ശശികല ടീച്ചര്‍ക്കെതിരെയും സംവിധായകന്‍ കമലിന്റെ വീടിന്‌ മുന്നില്‍ പ്രതിഷേധ ദേശീയഗാനം ചൊല്ലിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെയും കേസെടുക്കാന്‍ തയ്യാറാവാത്ത പിണറായിയുടെ പോലീസ്‌ എഴുത്തുകാര്‍ക്കെതിരെയും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെയും വ്യാജ കേസുകള്‍ ചമയ്‌ക്കുന്നത്‌ ആരുടെ താത്‌പര്യം സംരക്ഷിക്കാനാണ്‌. പോലീസിന്റെ കയ്യിലുള്ള ലാത്തി ആര്‍.എസ്‌.എസ്സിന്റെ കുറുവടിയായി മാറിയാല്‍ യൂത്ത്‌ ലീഗ്‌ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങും. 

പത്രസമ്മേളനത്തില്‍ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ നജീബ്‌ കാന്തപുരം, സെക്രട്ടറിമരായ പി.ജി. മുഹമ്മദ്‌, ആഷിഖ്‌ ചെലവൂര്‍, വി.വി മുഹമ്മദലി പങ്കെടുത്തു.



keywords-youth legue-presmeet-calicut

Tags

Post a Comment

0 Comments

Top Post Ad

Below Post Ad