Type Here to Get Search Results !

Bottom Ad

സഹകരണ ബാങ്ക് പ്രതിസന്ധി പരിഹരിക്കണം: കേന്ദ്രത്തോട് സുപ്രിം കോടതി


ന്യൂഡല്‍ഹി (www.evisionnews.in): നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെ തുടര്‍ന്ന് സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി വലുതാണെന്നും അവ പരിഹരിക്കാന്‍ നടപടി എടുക്കണമെന്നും കേന്ദ്രത്തോട് സുപ്രീം കോടതി. നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കവേ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് സഹകരണ പ്രതിസന്ധിയില്‍ നടപടി ആവശ്യപ്പെട്ടത്.

നോട്ട് അസാധുവാക്കല്‍ പ്രക്രിയയില്‍ നിന്ന് കേന്ദ്രം സഹകരണ ബാങ്കുകളെ മനഃപൂര്‍വം മാറ്റിനിര്‍ത്തിയതാണെന്നും സഹകരണ ബാങ്കുകളില്‍ വ്യാജനോട്ടുകള്‍ തിരിച്ചറിയാന്‍ സംവിധാനം ഇല്ലാത്തതാണ് ഇതിനു കാരണമെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കോടതിയില്‍ പറഞ്ഞു.

ഷെഡ്യൂള്‍ഡ് ബാങ്കുകളെ അപേക്ഷിച്ച് മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നും സഹകരണ ബാങ്കുകളിലെ പ്രതിസന്ധിയെ കുറിച്ച് കേന്ദ്രത്തിന് ബോധ്യമുണ്ടെന്നും മുകുള്‍ റോത്തഗി പറഞ്ഞു. കേരളം, കൊല്‍ക്കത്ത, ജയ്പൂര്‍, മുംബൈ തുടങ്ങിയ വ്യത്യസ്ത ഭാഗങ്ങളില്‍ ബാങ്കുകള്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജികള്‍ ഒരേസമയം പരിഗണിക്കുക അസാധ്യമാണെന്നും അദ്ദേഹം കോടതിയില്‍പറഞ്ഞു.

അതേസമയം സഹകരണ ബാങ്കുകള്‍ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് പി ചിദംബരം സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്തു.

എല്ലാ ഹര്‍ജിക്കാരും ഒന്നിച്ചിരുന്ന് ഹൈക്കോടതിയിലേക്ക് വിടേണ്ടതും സുപ്രീം കോടതി നേരിട്ട് പരിഗണിക്കേണ്ടതുമായി കേസുകള്‍ ക്രമപ്പെടുത്തി ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സഹകരണ ബാങ്ക് പ്രതിസന്ധി ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ ഡിസംബര്‍ 5 തിങ്കളാഴ്ചയാകും സുപ്രീം കോടതി പരിഗണിക്കുക.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad