Type Here to Get Search Results !

Bottom Ad

ജില്ലയിലെ വയോജനങ്ങള്‍ക്ക് മതിയായ ചികിത്സാസൗകര്യമൊരുക്കണം- നിയമസഭാ സമിതി


കാസർകോട് :(www.evisionnews.in)സര്‍ക്കാര്‍ സഹായം ലഭിക്കുന്നതും അല്ലാത്തതുമായ വയോജനങ്ങള്‍ താമസിക്കുന്ന  മുഴുവന്‍ കേന്ദ്രങ്ങളിലും പരിശോധന നടത്തി മതിയായ ചികിത്സാസൗകര്യങ്ങളുണ്ടെന്നും  സേവനങ്ങള്‍ ലഭിക്കുന്നുവെന്നും  ഉറപ്പുവരുത്താന്‍  മുതിര്‍ പൗരന്മാരുടെ ക്ഷേമത്തിനായുളള നിയമസഭാ സമിതി ശുപാര്‍ശ നല്‍കി. ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഒരു വൃദ്ധസദനവും സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്ന  രണ്ട് വൃദ്ധസദനങ്ങളും ഉള്‍പ്പെടെ 12 വൃദ്ധസദനങ്ങളാണുളളത്. ഇതില്‍ ഗ്രാന്റ് ലഭിക്കാത്ത വൃദ്ധസദനങ്ങളും  പരിശോധിക്കുകയും  അന്തേവാസികള്‍ക്ക് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തുകയും വേണം.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വയോജന പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നല്‍കണം. പകല്‍ വിശ്രമ കേന്ദ്രങ്ങളില്‍  അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും  സമിതി നിര്‍ദ്ദേശിച്ചു. 
മുതിര്‍ന്ന  പൗരന്മാരുടെ ക്ഷേമത്തിനായുളള നിയമസഭാ സമിതി ചെയര്‍മാന്‍ സി കെ നാണുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോൺഫറന്‍സ് ഹാളില്‍ നടന്നു.  സിറ്റിംഗില്‍ സമിതി അംഗങ്ങളായ എം എല്‍ എ മാരായ പി അബ്ദുള്‍ഹമീദ്,  പ്രൊഫ. കെ യു അരുണന്‍, കെ കുഞ്ഞിരാമന്‍, ആര്‍ രാമചന്ദ്രന്‍, നിയമസഭാ ജോയിന്റ്‌ സെക്രട്ടറി തോമസ് ചേറ്റുപറമ്പില്‍ എന്നിവരും എന്‍ എ നെല്ലിക്കുന്ന്  എം എല്‍ എ യും സംബന്ധിച്ചു. ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു, ആര്‍ ഡി ഒ ഡോ. പി കെ ജയശ്രീ, സാമൂഹികനീതി ഓഫീസര്‍ ഡീനഭരതന്‍,ഡപ്യൂട്ടി  ഡി എം ഒ ഡോ എം സി വിമല്‍രാജ്,  റിട്ടയേഡ് ആര്‍ഡി ഒ ഇ ചന്ദ്രശേഖരന്‍നായര്‍, പരാതിക്കാര്‍, മുതിര്‍ന്ന  പൗരന്മാരുടെ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  യൗവനത്തില്‍ സമൂഹത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ മുതിര്‍ന്ന  പൗരന്മാര്‍ക്ക് അര്‍ഹമായ സ്‌നേഹ പരിചരണങ്ങള്‍ നല്‍കണമെന്ന്  സി കെ നാണു പറഞ്ഞു.
വയോജനങ്ങള്‍ക്ക് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സാ സൗകര്യം ലഭിക്കുന്നതിന്  മുന്‍ഗണന നല്‍കണം.  ആശുപത്രികളില്‍ വയോജനങ്ങള്‍ക്കായി  പ്രത്യേക  ക്യൂ ഏര്‍പ്പെടുത്തണം. അലോപ്പതിക്ക് പുറമെ ആയുര്‍വ്വേദം, ഹോമിയോ ചികിത്സാ സംവിധാനങ്ങളും മതിയായ സൗകര്യങ്ങളോടെ ലഭിക്കുന്നതിനുളള സൗകര്യമുണ്ടാകണമെന്നും  സമിതി കര്‍ശന നിര്‍ദ്ദേശം നല്‍കി. വയോജനങ്ങള്‍ക്കുളള മരുന്നും  ഉറപ്പുവരുത്തണം. ബസ്സില്‍ വയോജനങ്ങള്‍ക്ക് സംവരണം ചെയ്തിരിക്കുന്ന  സീറ്റ്  നല്‍കുതിന് മോട്ടോര്‍വാഹന വകുപ്പും പോലീസും ശ്രദ്ധ പതിപ്പിക്കണം.  ഒറ്റയ്ക്ക് താമസിക്കുന്ന  വൃദ്ധജനങ്ങളുടെ പട്ടിക  തയ്യാറാക്കി പോലീസ്  പരിരക്ഷ ഉറപ്പുവരുത്തണം. പോലീസ് സ്റ്റേഷനുകളില്‍ ഓള്‍ഡ് ഏയ്ജ് ഹെല്‍പ്പ്‌ ഡെസ്‌കുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങള്‍, സാമൂഹികനീതി ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപന ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന പൗരന്മാരുടെ പ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍  എന്നിവരടങ്ങുന്ന സംഘം രണ്ട് മാസത്തിലൊരിക്കല്‍ വയോജനങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കണം. നഗരസഭകളില്‍ നടപ്പിലാക്കുന്ന  വയോമിത്രം പരിപാടി പഞ്ചായത്തുകളിലേക്ക് കൂടി ലഭ്യമാക്കണമെന്ന്  സിറ്റിംഗില്‍ പങ്കെടുത്ത മുതിര്‍ന്ന  പൗരന്മാര്‍ ആവശ്യപ്പെട്ടു. പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ വയോജന ക്ഷേമത്തിന് ഫലപ്രദമായ പദ്ധതികള്‍ തയ്യാറാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു.  രാവണീശ്വരം രാജീവ് ഹൗസിംഗ് കോളനിയിലെ എം ഗംഗാധരന്‍ നല്‍കിയ പരാതിയില്‍ ബി പി എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി മുന്‍ഗണന കാര്‍ഡ് അനുവദിക്കുന്നതിന് തീരുമാനമായി.




keywords-kasaragod-collectrate meeting-senior citizen

Post a Comment

0 Comments

Top Post Ad

Below Post Ad