Type Here to Get Search Results !

Bottom Ad

വ്യാപാരിയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ രംഗത്ത്


നീലേശ്വരം (www.evisionnews.in): നീലേശ്വരം റെയില്‍വേ മേല്‍പ്പാലത്തിന് കീഴിലെ ചമയം ഫുട്ട് വെയര്‍ ഉടമ മടിക്കൈ മേക്കാട്ടെ പനക്കൂല്‍ നാരായണന്‍ മണിയാണിയുടെ മകന്‍ നാരായണന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇതിന് കാരണക്കാരായവര്‍ക്കെതിരെ നിയമനടപടികളെടുക്കണമെന്നും ആവശ്യപ്പെട്ട് സഹോദരനും നീലേശ്വരത്തെ ഫാന്‍സി കടയുടമയുമായ ഗംഗാധരന്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.

കഴിഞ്ഞ മെയ് 23 നാണ് നാരായണനെ വീട്ടുമുറ്റത്തെ കിണറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. അന്നുതന്നെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പോലീസ് ഗൗരവത്തിലെടുത്തില്ലെന്ന് പരാതിയില്‍ പറയുന്നു. ഗംഗാധരന്റെ അയല്‍വാസികളാണ് മരണത്തിനുപിന്നിലെന്നാണ് ഗംഗാധരന്റെ ആരോപണം.

നാരായണന്‍ വര്‍ഷങ്ങളായി താമസിച്ചിരുന്നതും കിടന്നുറങ്ങിയിരുന്നതും ഈ വീട്ടിലായിരുന്നു. 2014 ല്‍ വാഴുന്നോറടിയിലെ ഒരു യുവതിയുമായി നാരായണന്‍ മോതിരകൈമാറ്റം നടത്തിയിരുന്നു. ഇതിനുശേഷം അയല്‍വാസിയുമായി അകന്നു. വിവാഹകൈമാറ്റം നടത്തിയ പെണ്‍കുട്ടിയെ വിവാഹം കഴിക്കരുതെന്ന് ഈ വീട്ടുകാര്‍ നാരായണനോട് പറഞ്ഞു. അതിനുശേഷം ഇതേ വീട്ടിലെ ഒരംഗം കല്യാണം നിശ്ചിയിച്ച പെണ്‍കുട്ടിയുമായി ഫെയ്‌സ് ബുക്കിലൂടെ ചാറ്റിംഗ് നടത്തി നാരായണനെകുറിച്ച് അപവാദ പ്രചാരണം നടത്തി വിവാഹം മുടക്കാന്‍ ശ്രമിച്ചുവെന്ന് ഗംഗാധരന്റെ പരാതിയില്‍ ആരോപിക്കുന്നു. 

ഇങ്ങനെ പ്രശ്‌നമുണ്ടായ സമയത്ത് തന്നെ നാരായണന്റെ സഹോദരങ്ങള്‍ മടിക്കൈയിലെ പ്രമുഖ പാര്‍ട്ടിയിലെ മഹിളാ നേതാവ് മുഖാന്തിരം ഈ വീട്ടുകാരുമായി പ്രശ്‌നം ചര്‍ച്ച ചെയ്യുകയും പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കല്യാണം ഉറപ്പിച്ച പെണ്‍കുട്ടിയുമായി ചാറ്റിംഗ് നടത്തി അപവാദം പ്രചരിപ്പിച്ചവരെ വിളിച്ചുവരുത്തി പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ആലോചിക്കുകയും ചെയ്തു. എന്നാല്‍ ഇതിനു പുരോഗതിയുണ്ടായില്ല. നാരായണന്‍ താമസിച്ചിരുന്ന വീട്ടിലെ അംഗത്തെ എത്രയും പെട്ടെന്ന് വിളിച്ചുവരുത്തി ഈ പ്രശ്‌നം സംസാരിച്ചുതീര്‍ക്കാം എന്ന് ഇവര്‍ പറഞ്ഞിരുന്നുവത്രെ. 

അതിനുശേഷം പല തവണ ഈ പ്രശ്‌നം അയല്‍വീട്ടുകാരുടെയും മഹിളാനേതാവിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇവരുടെ ഭാഗത്തുനിന്ന് യാതൊരുവിധ ഇടപെടലുകളും ഉണ്ടായില്ല.

അതിനിടയില്‍ ഈ അയല്‍വീട്ടുകാര്‍ നാരായണന്‍ തങ്ങളെ വീട്ടില്‍ വന്ന് ശല്യപ്പെടുത്തുന്നുവെന്ന് പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനെത്തിയ നീലേശ്വരം പോലീസ് അയല്‍വാസിയുടെ വീട്ടില്‍ വെച്ച് നാരായണനെ മര്‍ദ്ദിച്ചു. ഇതേ തുടര്‍ന്ന് മഹിളാ നേതാവ് ഇടപെട്ട് നാരായണനെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ഇനി ശല്ല്യപ്പെടുത്തില്ലെന്ന് എഴുതി ഒപ്പുവെപ്പിച്ചു. യഥാര്‍ത്ഥ സംഭവം പോലീസ് സ്റ്റേഷനില്‍ പറയാന്‍ ഈ വീട്ടുകാരും മഹിളാ നേതാവും തയ്യാറായില്ല. പിന്നീട് അയല്‍വാസിയായ വീട്ടുകാരും ബന്ധുക്കളും നിരന്തരം ഭീഷണിപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങി. ഇതിനിടയില്‍ വീട്ടുകാരുടെ ബന്ധുകൂടിയായ മഹിളാ നേതാവും പരസ്യമായി നാരായണനെതിരെ തിരിഞ്ഞു. മോതിരമാറ്റം നടത്തിയിരുന്ന പെണ്‍കുട്ടിയുമായി നാരായണന്‍ മരണപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ചാറ്റിംഗ് നടത്തി അപവാദ പ്രചരണം നടത്തിയ അയല്‍വീട്ടിലെ അംഗം നാട്ടിലുണ്ടായിരുന്നു. പിന്നീട് മരണപ്പെടുന്നതുവരെ നാരായണന്‍ കടയില്‍ പോയിരുന്നില്ല.

മെയ് 23 നാണ് നാരായണനെ വീടിനടുത്തുള്ള കിണറിന്റെ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിലും അന്വേഷണം പ്രഹസനമാക്കി അവസാനിപ്പിക്കുകയായിരുന്നു. ഇതിനുശേഷം പലവട്ടം ഗംഗാധരന്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടിട്ടും നടപടി ഇല്ലാത്തതിനാലാണ് ഗംഗാധരന്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ നീലേശ്വരം സി.ഐ വി.ഉണ്ണികൃഷ്ണന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad