Type Here to Get Search Results !

Bottom Ad

വഞ്ചിയൂര്‍ വിഷ്ണു വധം: 11 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം; തലസ്ഥാനത്ത് കനത്ത സുരക്ഷ



തിരുവനന്തപുരം (www.evisionnews.in): സി.പി.ഐ.എം പ്രവര്‍ത്തകന്‍ വഞ്ചിയൂര്‍ വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തി കേസിലെ പ്രതികളായ പതിനൊന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. വിഷ്ണുവിന്റെ കുടുംബത്തിന് പ്രതികള്‍ 3 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. 

കൈതമുക്ക് സ്വദേശി സന്തോഷ്, കേരളാദിത്യപുരം സ്വദേശികളായ കക്കോട്ട മനോജ് എന്ന മനോജ്, ബിജുകുമാര്‍, ഹരിലാല്‍, മണക്കാട് സ്വദേശി രഞ്ജിത്ത്കുമാര്‍, മലപ്പരിക്കോണം സ്വദേശി ബാലു മഹീന്ദ്ര, ആനയറ സ്വദേശികളായ വിപിന്‍ എന്ന ബിബിന്‍, കടവൂര്‍ സതീഷ് എന്ന സതീഷ് കുമാര്‍, പേട്ട സ്വദേശി ബോസ്, വട്ടിയൂര്‍ക്കാവ് സ്വദേശി മണികണ്ഠന്‍ എന്ന സതീഷ്, ചെഞ്ചേരി സ്വദേശി വിനോദ്കുമാര്‍, ശ്രീകാര്യം സ്വദേശി സുബാഷ്, കരിക്കകം സ്വദേശി ശിവലാല്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

ഹരിലാലിന് മൂന്ന് വര്‍ഷം തടവാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഹരിലാല്‍ ഒഴികെയുള്ള പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, അന്യായമായി സംഘം ചേരല്‍, ലഹള, ഗുരുതരമായി പരിക്കേല്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചെന്ന കുറ്റമാണ് ഹരിലാലിനെതിരെയുള്ളത്. ആര്‍.എസ്.എസ് ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. 16-ാം പ്രതി ഷൈജു എന്ന അരുണ്‍കുമാറിനെ കോടതി വെറുതേവിട്ടു. മൂന്നാം പ്രതി രഞ്ജിത്ത് വിചാരണ തുടങ്ങും മുമ്പെ കൊല്ലപ്പെട്ടു. 14-ാം പ്രതി ആസാം അനി ഇപ്പോഴും ഒളിവിലാണ്. 2008 ഏപ്രില്‍ ഒന്നിനാണ് സി.പി.ഐ.എം വഞ്ചിയൂര്‍ കളക്ടറേറ്റ് ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണുവിനെ കൈതമുക്ക് പാസ്പോര്‍ട്ട് ഓഫീസിനു മുന്നില്‍ ബൈക്കിലെത്തിയ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഏഴുമാസം കൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 77 സാക്ഷികളെ വിസ്തരിച്ചു. വിഷ്ണു വധക്കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ തിരുവന്തപുരം നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.


keywords:kerala-thiruvananthapuram-vishnu-murder-case-court-order-11-rss-workers










Tags

Post a Comment

0 Comments

Top Post Ad

Below Post Ad