Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്ര നിര്‍ത്തലാക്കണമെന്ന് കെ.എസ്.ആര്‍.ടി.സി


തിരുവനനന്തപുരം (www.evisionnews.in): ചാര്‍ജ് വര്‍ധനക്ക് പിന്നാലെ വിദ്യാര്‍ത്ഥികളുടെ സൗജന്യയാത്ര നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി എം.ഡി എം.ജി. രാജമാണിക്യം സര്‍ക്കാറിനു കത്ത് നല്‍കി. 

സൗജന്യയാത്ര 105 കോടി രൂപ വരുമാന നഷ്ടമുണ്ടാക്കുന്നുവെന്ന് കാണിച്ചാണ് സര്‍ക്കാറിന് നടപടി. 

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഗതാഗതമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 2015 ഫെബ്രുവരി ഒന്നു മുതലാണ് സംസ്ഥാനത്ത് പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര അനുവദിച്ചത്. ഈ സൗജന്യയാത്ര കാരണം പ്രതിദിനം ഒന്നര ലക്ഷം യാത്രക്കാരുടെ കുറവുണ്ടാകുന്നുണ്ടെന്നും രാജമാണിക്യം സര്‍ക്കാരിനയച്ച കത്തില്‍ പറയുന്നു. തീര്‍ത്തും സൗജന്യമായി കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തേണ്ടി വന്നത് കോര്‍പ്പറേഷനോടു ചെയ്ത ദ്രോഹമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ കാര്‍ഡുകള്‍ നല്‍കാന്‍ തയാറാണ്. എന്നാല്‍ പൂര്‍ണമായ സൗജന്യയാത്ര അനുവദിക്കാനാകില്ല. ലക്ഷങ്ങള്‍ ഫീസ് കൊടുത്ത് പഠിക്കുന്ന സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കാരണവശാലും സൗജന്യയാത്ര അനുവദിക്കാനാകില്ലെന്നും രാജമാണിക്യം കത്തില്‍ പറയുന്നു. സ്വകാര്യ ബസുകളുടെ സര്‍വീസ് പരിധി 140 കിലോമീറ്റര്‍ ദൂരമായി നിജപ്പെടുത്തണമെന്നും ഇവയ്ക്ക് സൂപ്പര്‍ക്ലാസ് പെര്‍മിറ്റ് നല്‍കരുതെന്നും എം.ഡി. ഗതാഗത വകുപ്പ് സെക്രട്ടറിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. 

എന്നാല്‍ കത്തിനെക്കുറിച്ച് അറിയില്ലെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു. സുശീല്‍ ഖന്ന പഠന റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ കെ.എസ്.ആര്‍.ടി.സിയില്‍ പരിഷ്‌കാരം നടപ്പാകാനാകൂവെന്നും അദ്ദേഹം പറഞ്ഞു.


keywords:kerala-thiruvananthapuram-stop-free-travelling-for-students-by-ksrtc




Tags

Post a Comment

0 Comments

Top Post Ad

Below Post Ad