തിരുവനന്തപുരം (www.evisionnews.in): വിവാദ പ്രസ്താവനകളിലൂടെ മാധ്യമ ശ്രദ്ധപിടിച്ചുപറ്റുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ പൂട്ടാന്‍ സിപിഎം ആസൂത്രിത നീക്കം തുടങ്ങിയതായി സൂചനകള്‍. മോദി സൃഷ്ടിച്ച നോട്ട് ദുരന്തത്തിനെതിരെ ശക്തമായ നിലപാടെടുത്ത സിപിഎമ്മിന് തലവേദന സൃഷ്ടിക്കുന്ന വിവാദങ്ങള്‍ ഇളക്കിവിടുന്ന സുരേന്ദ്രനെതിരെ നിയമനടപടിക്കാണ് സിപിഎം നീങ്ങുന്നത്. ഇതിന്റെ ആദ്യ പടിയായി കടകംപള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എസ്.പി ദീപക് സുരേന്ദ്രനെ വെല്ലുവിളിച്ച് രംഗത്ത് വന്നുകഴിഞ്ഞു. താന്‍ പ്രസിഡണ്ടായ ബാങ്കില്‍ ഏതെങ്കിലും വ്യക്തിയുടെ കള്ളപ്പണമുണ്ടങ്കില്‍ അതു കണ്ടെത്താന്‍ സുരേന്ദ്രനെ വെല്ലുവിളിക്കുന്നെന്നും വെല്ലുവിളി ആണായി പിറന്നവനെങ്കില്‍ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും എസ്.പി ദീപക് പറയുന്നു.
ദീപകിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
പ്രിയ കെ സുരേന്ദ്രാ,
ഞാന്‍ കടകംപള്ളി ബാങ്കിന്റെ പ്രസിഡന്റാണ്. ഈ സ്ഥാപനത്തില്‍ ഏതെങ്കിലും വ്യക്തിയുടെ കള്ളപ്പണം ഉണ്ടങ്കില്‍ അതു കണ്ടെത്താന്‍ ഞാന്‍ താങ്കളെ വെല്ലുവിളിക്കുന്നു. ഈ വെല്ലുവിളി ആണായി പിറന്നവനെങ്കില്‍ താങ്കള്‍ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു
താങ്കള്‍ ഒരു ഉത്തരവാദിത്തപെട്ട രാഷ്ട്രിയ പാര്‍ട്ടിയുടെ സംസ്ഥാന നേതാവല്ലെ? അതുപോലെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിക്കും മുമ്പ് അത് പരിശോധിച്ച് ഉറപ്പ് വരുത്തനുള്ള സാമാന്യ മര്യാദ താങ്കള്‍ കാണിക്കേണ്ടിയിരിന്നു. ഇതു ലംഘിച്ചു കടകംപള്ളി ബാങ്കിനെതിരെ ദുഷ്ടലാക്കോടെ താങ്കള്‍ നടത്തിയ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പിന്‍വലിച്ച് ,തെറ്റ് ഏറ്റ് പറഞ്ഞ് പൊതുസമൂഹത്തോട് മാപ്പ് പറയാന്‍ താങ്കള്‍ തയ്യാറാകണം. അല്ലാത്ത പക്ഷം താങ്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. താങ്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ താങ്കള്‍ക്ക് ബാധ്യതയുണ്ട് അതിനു ഞാന്‍ താങ്കളെ വെല്ലുവിളിക്കുന്നു
താങ്കള്‍ക്കോ, ആദായ നികുതി വകുപ്പിനോ ,അതിനപ്പുറം മറ്റ് ആരങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കോ. ബാങ്ക് രേഖകള്‍ പരിശോധിക്കാം. താങ്കള്‍ പറഞ്ഞ ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞല്ലങ്കില്‍ നിന്റെ രാഷ്ട്രിയ പ്രവര്‍ത്തനം നീ അവസാനിപ്പിക്കണം....
കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്‍ കടകംപള്ളി സര്‍വീസ് സഹകരണ ബാങ്കിനെതിരെ ആരോപണം ഉന്നയിച്ചത്. ബാങ്കില്‍ ആദായനികുതി വകുപ്പ് കണ്ടെത്തിയ ശതകോടിക്കണക്കിന് രൂപയുടെ കള്ളപ്പണം സംസ്ഥാനമന്ത്രിസഭയിലെ ഒരംഗത്തിന്റെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടേതുമാണെന്ന് ഉറപ്പായെന്ന് സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബാങ്ക് പ്രസിഡന്റ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.

Post a Comment
0 Comments