ന്യൂഡല്‍ഹി (www.evisionnews.in): റിലയന്‍സ് ജിയോയുടെ സൗജന്യ സേവനം മാര്‍ച്ച് വരെ മൂന്നു മാസത്തേക്ക് കൂടി നീട്ടാനുള്ള തീരുമാനം പരിശോധിക്കുമെന്ന് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ. ജിയോയുടെ പുതുവര്‍ഷ ഓഫര്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണോ എന്നാണ് ട്രായ് പരിശോധിക്കുക.
ജിയോയുടെ സൗജന്യ ഓഫറുകള്‍ക്കെതിരെ എയര്‍ടെല്‍, വൊഡാഫോണ്‍ തുടങ്ങിയ മുന്‍നിര കമ്പനികള്‍ നേരത്തെ ട്രായ്യെ സമീപിച്ചിരുന്നു. ജിയോയുടെ ആജീവനാന്ത സൗജന്യ കോളുകള്‍ ഉള്‍പ്പെടെയുള്ള താരിഫുകള്‍ അനുവദനീയവും നിയമവിധേയവുമാണെന്നുമായിരുന്നു അന്ന് ട്രായ് നിലപാട്. ജിയോ ഓഫറുകള്‍ നിലവിലെ ടെലികോം നിയമങ്ങള്‍ക്ക് വിരുദ്ധവും അനുവദീനയവും അല്ലെന്നായിരുന്നു മറ്റു ടെലികോം കമ്പനികളുടെ വാദം. ഈ വാദം ട്രായ് പിന്നീട് തള്ളുകയായിരുന്നു.
സെപ്തംബര്‍ നാലിനാണ് റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഡിസംബര്‍ നാലിന് 90 ദിവസം പൂര്‍ത്തിയാകുന്നതോടെ ട്രായ് അനുവദിച്ച ഓഫര്‍ കാലാവധി അവസാനിക്കുന്ന മുറക്കാണ് മുന്നു മാസത്തേക്ക് കൂടി കൂട്ടാന്‍ റിലയന്‍സ് ജിയോ തീരുമാനിച്ചിരിക്കുന്നത്.
ഹാപ്പി ന്യൂയര്‍ ഓഫര്‍ എന്നാണ് പുതിയ ഓഫറിന് ജിയോ നല്‍കിയിരിക്കുന്ന പേര്. ഡിസംബര്‍ നാല് മുതല്‍ ജിയോ സിം എടുക്കുന്നവര്‍ക്കും സൗജന്യ സേവനം ലഭിക്കും. നിലവില്‍ വെല്‍ക്കം ഓഫര്‍ ലഭിക്കുന്നവര്‍ക്ക് ആ സേവനം ഡിസംബര്‍ 31 വരെ ലഭിക്കും. ഡിസംബര്‍ 31ന് ശേഷം ഈ യൂസര്‍മാരുടെ വെല്‍ക്കം ഓഫര്‍ ഹാപ്പി ന്യൂയര്‍ ഓഫറിലേക്ക് മാറും. എന്നാല്‍ പ്രതിദിനം ഉപയോഗിക്കാവുന്ന ഡേറ്റാ ലിമിറ്റ് 4ജിബിയില്‍ നിന്നും ഒരു ജിബിയാക്കി വെട്ടിക്കുറച്ചിട്ടുണ്ട്.

Post a Comment
0 Comments