Type Here to Get Search Results !

Bottom Ad

കേരളം തിളച്ചുതുടങ്ങി; സ്ഥിതി ഗുരുതരമെന്ന് ശാസ്ത്രജ്ഞര്‍


കാസര്‍കോട് :(www.evisionnews.in) ഇടവപ്പാതിക്കു പിന്നാലെ തുലാവര്‍ഷവും കൈവിട്ടതോടെ സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു. വരും ദിവസങ്ങളില്‍ സൂര്യാതപത്തിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഗൃഹനാഥന്‍ മരിച്ച പശ്ചാത്തലത്തിലാണ് അപകട സൂചന. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പല ജില്ലകളിലും ഏറ്റവും വലിയ ചൂട് രേഖപ്പെടുത്തുമെന്ന നിരീക്ഷണത്തിലാണ് കാലാവസ്ഥ വിദഗ്ധര്‍. പൊതുവില്‍ തണുപ്പ് അനുഭവപ്പെടുന്ന ഡിസംബറില്‍ തന്നെ സൂര്യാതപം റിപ്പോര്‍ട്ട് ചെയ്ത സ്ഥിതിക്ക് വരും ദിവസങ്ങള്‍ ഭയപ്പെട്ടേ മതിയാകൂവെന്ന് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം ഡയറക്ടര്‍ എസ്. സുദേവന്‍ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ മാര്‍ച്ച്‌മേയ് മാസത്തെ ചൂടില്‍ സംസ്ഥാനത്ത് സൂര്യാതപമേറ്റ് 10 പേര്‍ മരിക്കുകയും 335 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇത്തവണ പാലക്കാട് ചൂട് 42 ഡിഗ്രി കടക്കാന്‍ സാധ്യതയുണ്ട്. 

നിലവില്‍ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം,ആലപ്പുഴ, പാലക്കാട്,കോട്ടയം,കൊല്ലം ജില്ലകളില്‍ 35 ഡിഗ്രിക്കു മുകളിലാണ് ചൂട്. ഇതേ ജില്ലകളില്‍ വെളുപ്പിന് അനുഭവപ്പെടുന്ന കുറഞ്ഞ ചൂട് 24 ഡിഗ്രി വരെയാണ്. ഇത് കണക്കിലെടുത്ത് സ്‌കൂളുകളിലടക്കം ജാഗ്രത നിര്‍ദേശം നല്‍കാനുള്ള നടപടി ഔദ്യോഗികതലത്തില്‍ ആരംഭിച്ചുകഴിഞ്ഞു. രാവിലെ 11 മുതല്‍ ഉച്ചക്ക് മൂന്നുമണിവരെ കുട്ടികളെ ക്‌ളാസ്മുറികളില്‍നിന്ന് പുറത്തിറക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ചൂട് വര്‍ധിക്കുന്നതോടെ ഉഷ്ണതരംഗത്തിനും മനുഷ്യനില്‍ ഉഷ്ണ സൂചികയിലും വര്‍ധനയുണ്ടാകുമെന്ന് കുസാറ്റ് റഡാര്‍ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ.എം.ജി. മനോജ് പറഞ്ഞു. മനുഷ്യശരീരത്തില്‍ അനുഭവപ്പെടുന്ന യഥാര്‍ഥ ചൂടാണ് ഉഷ്ണസൂചിക. 

കടലിലും ഭൂമധ്യരേഖക്ക് സമീപത്തുള്ള പ്രദേശങ്ങളിലും ചൂട് കൂടുന്നതിന്റെ ഫലമായി അന്തരീക്ഷത്തിലും ക്രമാതീതമായി ചൂട് വര്‍ധിക്കുന്ന പ്രതിഭാസമാണ് ഉഷ്ണതരംഗം. വടക്കു കിഴക്കന്‍ മണ്‍സൂണിലുണ്ടായ വന്‍കുറവാണ് ചൂട് വര്‍ധിക്കാന്‍ കാരണം. കഴിഞ്ഞ സീസണില്‍ 27ശതമാനം അധികമഴ ലഭിച്ച കേരളത്തിന് ഈ സീസണില്‍ 61 ശതമാനം കുറവാണ് ഉണ്ടായത്. 475.1മി.മീ പ്രതീക്ഷിച്ചിടത്ത് കിട്ടിയത് 184.4 മി.മീ മാത്രം. കഴിഞ്ഞ സീസണില്‍ 32 ശതമാനം അധികമഴ ലഭിച്ച കോഴിക്കോട്ട് ഇത്തവണ 82 ശതമാനം മഴ കുറവാണ് ലഭിച്ചത്. 



Tags

Post a Comment

0 Comments

Top Post Ad

Below Post Ad