Type Here to Get Search Results !

Bottom Ad

വ്യാജ മണല്‍പാസ്: പെരുമ്പട്ട സ്വദേശി അറസ്റ്റില്‍; മൂന്ന് ലാപ്‌ടോപുകളും നിരവധി രേഖകളും പിടിച്ചെടുത്തു


കാസര്‍കോട് (www.evisionnews.in): കെട്ടിടം നിര്‍മ്മിക്കുന്നുണ്ടെന്ന വ്യാജരേഖയുണ്ടാക്കിയും പലരുടെയും തിരിച്ചറിയല്‍ രേഖകളുടെ കോപ്പി ഉപയോഗിച്ചും കടലോര മണല്‍ തട്ടിയെടുക്കുന്ന സംഘം പൊലീസ് വലയിലായി. ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ചീമേനി പെരുമ്പട്ട സ്വദേശി രാജു (48)വാണ് അറസ്റ്റിലായത്. ആറു പേരെ പൊലീസ് ചോദ്യം ചെയ്തുവരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് രാജുവിനെ കാസര്‍കോട് സി.ഐ. സി.എ അബ്ദുല്‍ റഹീമും സംഘവും അറസ്റ്റ് ചെയ്തത്. 

മൂന്ന് ലാപ്‌ടോപുകളും മണല്‍ കടത്തിനുള്ള നിരവധി രേഖകളും പൊലീസ് കണ്ടെത്തി. ഏതാനും ദിവസം മുമ്പ് കാസര്‍കോട് പൊലീസ് പിടിച്ച രണ്ട് ടിപ്പര്‍ ലോറികളിലെ മണല്‍ കടത്ത് രേഖകള്‍ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മണല്‍ മാഫിയ സംഘത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ 20 കേന്ദ്രങ്ങളില്‍ ഒരേ സമയം നടത്തിയ പരിശോധനയിലാണ് ഇത്തരം സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഇന്റര്‍നെറ്റ് കഫെകളിലൂടെയും അപേക്ഷിക്കുന്ന മണലിന് ലോഡിന് 6675 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ അടുത്ത കാലങ്ങളിലായി വീട് നിര്‍മ്മാണത്തിനും മറ്റുമായി അപേക്ഷിച്ച പലര്‍ക്കും മണല്‍ ലഭിച്ചിരുന്നില്ലെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ചും അന്വേഷണം നടന്ന് വരികയായിരുന്നു. അതിനിടെയാണ് കെട്ടിടം നിര്‍മ്മിക്കുന്നുണ്ടെന്ന വ്യാജ രേഖയുണ്ടാക്കി മണല്‍ വാങ്ങിച്ച് മൂന്നിരട്ടി വിലക്ക് വന്‍കിടക്കാര്‍ക്കും ജില്ലക്ക് പുറത്തും വില്‍പ്പന നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. പലരുടെയും കെട്ടിടത്തിന്റെ നമ്പറും രേഖകളും ശേഖരിക്കുന്ന സംഘം അവ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി മണല്‍ വാങ്ങിക്കുകയും വലിയ തുകക്ക് വില്‍പ്പന നടത്തുകയുമാണ് രീതി. മൊഗ്രാല്‍പുത്തൂര്‍, ആരിക്കാടി, ഷിറിയ, ചളിയങ്കോട്, തളങ്കര ഭാഗങ്ങളിലെ കടവുകളില്‍ പൊലീസ് പരിശോധന നടത്തി.

അറസ്റ്റിലായ രാജു നേരത്തെ മണല്‍ കടത്ത് ലോറിയുടെ ഡ്രൈവറായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആറു മാസം മുമ്പ് ഡ്രൈവര്‍ ജോലി നിര്‍ത്തി. പിന്നീട് സ്വന്തമായി മണല്‍ കടത്തിന് നേതൃത്വം നല്‍കി വരികയായിരുന്നുവത്രെ. നിലവില്‍ രാജുവിന് ആറ് ടിപ്പര്‍ ലോറികള്‍ സ്വന്തമായുണ്ടെന്നാണ് പൊലീസ് പറയുന്നത്. മാസങ്ങള്‍ കൊണ്ട് തന്നെ ലക്ഷങ്ങളാണ് രാജു അനധികൃത മണല്‍ വില്‍പ്പനയിലൂടെ സമ്പാദിച്ചുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. 


keywords:kasaragod-police-seized-fake-sand-pass-one-arrest



Post a Comment

0 Comments

Top Post Ad

Below Post Ad